ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുനൈറ്റഡ് വിടാം... ടെൻ ഹാഗ് മുന്നോട്ടുവെച്ചത് ഒരേയൊരു നിബന്ധന!

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടേക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു. സീസണിൽ പ്രീമിയർ ലീഗിലെ ഭൂരിഭാഗം മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു താരം.

മാഞ്ചസ്റ്റർ സിറ്റിയോട് 6-3ന് തോറ്റ മത്സരത്തിലും പരിശീലകൻ എറിക് ടെൻ ഹാഗൻ ക്രിസ്റ്റ്യാനോയെ കളത്തിലിറക്കിയില്ല. ഇതിൽ താരത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് ഓൾഡ് ട്രാഫോഡിൽനിന്ന് പുറത്തുവരുന്ന വിവരം. സിറ്റി ഗോൾ മെഷീൻ എർലിങ് ഹാലൻഡ് ഗോളടിച്ച് കൂട്ടുമ്പോൾ ക്രിസ്റ്റ്യാനോ മുഖം പൊത്തിയിരിക്കുന്നതിന്‍റെ വിഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു.

താരത്തെ വിട്ടുനൽകില്ലെന്ന മുൻനിലപാടിൽനിന്ന് പരിശീലകൻ പിന്നോട്ടുപോയെന്നും പോർചുഗീസ് സ്ട്രൈക്കർക്ക് ജനുവരിലെ വിന്‍റർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാൻ അനുമതി നൽകിയെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നൽ, ടെൻ ഹാഗിന്റെ നിബന്ധന പാലിച്ചാൽ മാത്രമേ താരത്തിന് ക്ലബ് വിടാനാകു.

നിബന്ധന മറ്റൊന്നുമല്ല, ഉചിതമായ ഒരു ഓഫർ. അങ്ങനെയെങ്കിൽ താരത്തിന് ക്ലബ് വിടാനാകും. ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള അതിയായ ആഗ്രഹത്താൽ സൂപ്പർതാരം നേരത്തെ തന്നെ യുനൈറ്റഡ് വിടാനുള്ള നീക്കങ്ങൾ സജീവമാക്കിയിരുന്നു. എന്നാൽ, താരം ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്‍റെ ഏജന്‍റ് ജോർജ് മെൻഡീസ് വഴിയായിരുന്നു ഇതിനുള്ള നീക്കങ്ങൾ നടത്തിയത്.

ഇതിനായി ബയേൺ മ്യൂണിക്, ചെൽസി, അത്ലറ്റികോ മാഡ്രിഡ്, ബൊറൂസിയ ഡോർട്ട്മുണ്ട്, നാപ്പോളി തുടങ്ങിയ ക്ലബുകളുമായി ഏജന്‍റ് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആരും താരത്തിനായി താൽപര്യം കാണിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. യുനൈറ്റഡിൽ ക്രിസ്റ്റ്യാനോക്ക് ഒരു വർഷം കൂടി കാലാവധിയുണ്ട്. കൂടാതെ, 2024 വരെ കരാർ നീട്ടാനുള്ള ഓപ്ഷനും ഉണ്ട്.

പ്രീമിയർ ലീഗ് സീസണിൽ കളിച്ച ആറു മത്സരങ്ങളിൽ ഒരു ഗോൾ പോലും താരം നേടിയിട്ടില്ല. ഗോളിന് വഴിയൊരുക്കാനും സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ക്ലബിന്‍റെ ടോപ് സ്കോററായിരുന്നു. 30 മത്സരങ്ങളിൽനിന്നായി 18 ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Cristiano Ronaldo To Leave Manchester United In Winter Window

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.