റിയാദ്: പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസ്റിലെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കുമെന്ന് റിപ്പോർട്ടുകൾ. ഈ സീസണോടെ താരത്തിന്‍റെ ക്ലബുമായുള്ള കരാർ അവസാനിക്കും. ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ കരാറിലുണ്ട്. ഇത് പ്രയോജനപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇതുമായി ബന്ധപ്പെട്ട് ക്ലബോ, താരമോ ഔദ്യോഗികമായി ഇരുവരെ പ്രതികരിച്ചിട്ടില്ല. നിലവിലുള്ള കരാറിലെ അതേ വ്യവസ്ഥകൾ തന്നെയാകും പുതുക്കിയ കരാറിലും. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് 2022 ഡിസംബറിലാണ് ക്രിസ്റ്റ്യാനോ അൽ നസ്റിലെത്തുന്നത്. വർഷം 200 മില്യൺ ഡോളറാണ് താരത്തിന് ക്ലബ് നൽകുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബാൾ താരമായി മാറി. പുതിയ കരാറിലും ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥയുണ്ടാകും.
കഴിഞ്ഞ ദിവസമാണ് താരത്തിന് 40 വയസ്സ് പൂർത്തിയായത്. സൗദി പ്രോ ലീഗിലും താരം ഗോളടി മികവ് തുടരുമ്പോഴും ക്ലബിന് ഒരു കിരീടം എന്നത് ഇപ്പോഴും സ്വപ്നമായി തന്നെ തുടരുകയാണ്. റെക്കോഡ് തുകക്ക് ക്രിസ്റ്റ്യാനോയെ ക്ലബിലെത്തിച്ചിട്ടും അൽ നസ്റിന് സുപ്രധാനമായ കിരീടങ്ങളൊന്നും നേടാനായിട്ടില്ല. സീസണിൽ 26 മത്സരങ്ങളിൽനിന്ന് 24 തവണയാണ് താരം വലകുലുക്കിയത്. നാലു അസിസ്റ്റും താരത്തിന്‍റെ പേരിലുണ്ട്. 2023 ജനുവരി മുതൽ ഇതുവരെ 90 മത്സരങ്ങളിൽ ക്ലബിനായി 82 ഗോളുകൾ നേടുകയും 19 അസിറ്റുകളും നടത്തിയിട്ടുണ്ട്.
40 പൂർത്തിയാകുന്നതോടെ താരം വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, താരത്തിന്‍റെ മനസ്സിൽ വിരമിക്കലിനെ കുറിച്ചുള്ള ആലോചനകളെ ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരിയറിൽ 900 ഗോളുകൾ എന്ന നേട്ടം കൈവരിച്ച ഒരേയൊരു താരമാണ്. അടുത്ത വർഷം ഫിഫ ലോകകപ്പ് നടക്കാനിരിക്കെ, പോർചുഗൽ ടീമിനൊപ്പം പന്തുതട്ടാൻ ക്രിസ്റ്റ്യാനോയും ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഫുട്ബാളിലെ പൂർണമായ താരം താനാണെന്ന് അടുത്തിടെ ക്രിസ്റ്റ്യാനോ അവകാശപ്പെട്ടിരുന്നു. "എനിക്ക് തോന്നുന്നു ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും പൂർണനായ ഫുട്ബാൾ കളിക്കാരൻ ഞാനാണെന്നാണ്. ആളുകൾക്ക് മെസ്സി, മറഡോണ, പെലെ എന്നിവരെ ഇഷ്ടപ്പെടാം, ഞാൻ അതിനെ ബഹുമാനിക്കുന്നു, പക്ഷേ ഞാൻ ഏറ്റവും പൂർണനായ കളിക്കാരനാണ്. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ഞാൻ. ഫുട്ബാളിന്‍റെ ചരിത്രത്തിൽ എന്നെക്കാൾ മികച്ച ഒരു കളിക്കാരനെ കണ്ടിട്ടില്ല -അടുത്തിടെ ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ തുറന്നുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.