ബാഴ്സലോണ: കോപ ഡെൽ റേ (കിങ്സ് കപ്പ്) ഫൈനലിൽ ‘എൽ ക്ലാസികോ’ അങ്കം. കരുത്തരായ ബാഴ്സലോണയും റയൽ മഡ്രിഡുമാണ് ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ച 1.30ന് നടക്കുന്ന കലാശക്കളിയിൽ ഏറ്റുമുട്ടുന്നത്. ലാ ലിഗയിലും കിരീട പോരാട്ടത്തിലാണ് ഇരുടീമുകളും. ബാഴ്സലോണ നാല് പോയന്റുകൾക്ക് മുന്നിലുമാണ്. അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇന്റർ മിലാനെ നേരിടാനൊരുങ്ങുന്ന ബാഴ്സയും പുതിയ കോച്ച് ഹാൻസി ഫ്ലിക്കും ഈ സസീണിൽ ഹാട്രിക് കിരീടങ്ങളാണ് പ്രതീക്ഷിക്കുന്നത്. മറുഭാഗത്ത് ബ്രസീൽ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കാൻ സാധ്യതയുള്ള കാർലോ ആഞ്ചലോട്ടിക്ക് റയലിന് കിരീടം നേടിക്കൊടുത്ത് മടങ്ങാമെന്ന പ്രതീക്ഷയുമുണ്ട്.
ജനുവരിയിൽ നടന്ന സൂപ്പർ കപ്പ് ഫൈനലിൽ റയലിനെ 5-2നാണ് ബാഴ്സ തകർത്തത്. ഒക്ടോബറിൽ സ്പാനിഷ് ലീഗിൽ 4-0നായിരുന്നു ബാഴ്സയുടെ ജയം. സെവിയ്യുടെ ലാ കർതുയ സ്റ്റേഡിയത്തിലാണ് കിങ്സ് കപ്പ് ഫൈനൽ. 2014ന് ശേഷം ആദ്യമായാണ് ഫൈനലിൽ ഇരുടീമുകളും കൊമ്പുകോർക്കുന്നത്. 31 തവണ കിരീടം നേടിയ സംഘമാണ് ബാഴ്സ. 20 തവണ റയിലും കിങ്സ് കപ്പിൽ മുത്തമിട്ടു. തകർപ്പൻ ഫോമിലായിരുന്ന പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി ബാഴ്സ നിരയിൽ കളിക്കില്ല. ‘സൂപ്പർ സബ്’ ഫെറാൻ ടോറസ് ലെവൻഡോവ്സികിക്ക് പകരക്കാരനാകും. ലെഫ്റ്റ് ബാക്ക് അലയാന്ദ്രോ ബാൽദെക്കും പരിക്കാണ്. കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറുമടങ്ങുന്ന മുൻനിര കൂടുതൽ കരുത്താർജിച്ചാൽ മാത്രമേ റയലിന് മത്സരം എളുപ്പമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.