അറ്റ്ലാന്റ (യു.എസ്): ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പിൽ ഞായറാഴ്ച സൂപ്പർ പോരാട്ടങ്ങൾ. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെർമെയ്ന് പ്രീക്വാർട്ടറിൽ എതിരാളികളായി ഇറങ്ങുന്നത് സാക്ഷാൽ ലയണൽ മെസ്സിയും സംഘവും. കരിയറിൽ ആദ്യമായാണ് ഒരു മുൻ ക്ലബിനെതിരെ മെസ്സി പന്ത് തട്ടുന്നതെന്ന പ്രത്യേകത ഇന്നത്തെ കളിക്കുണ്ട്. മറ്റൊരു മത്സരത്തിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ബ്രസീലിയൻ കരുത്തുമായെത്തുന്ന ഫ്ലമെംഗോയും നേരിടും.
അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9.30നാണ് ഇന്റർ മയാമി-പി.എസ്.ജി കളി. മെസ്സിയുടെയും മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്കറ്റ്സ് എന്നിവരുടെയും മുൻ പരിശീലകനായ ലൂയിസ് എൻറിക്വാണ് പി.എസ്.ജിയുടെ കോച്ചെന്ന സവിശേഷതയമുണ്ട്. നാല് പേരും ബാഴ്സലണോയിൽ എൻറിക്വിന് കീഴിൽ കളിച്ചവരാണ്. പി.എസ്.ജിക്ക് ചരിത്രത്തിലാദ്യമായി ട്രെബിൾ (ചാമ്പ്യൻസ് ലീഗ്, ലിഗ് വൺ, ഫ്രഞ്ച് കപ്പ് കിരീടങ്ങൾ) സമ്മാനിച്ചാണ് അദ്ദേഹം ക്ലബ് ലോകകപ്പിനായി യു.എസിലെത്തിയിരിക്കുന്നത്. എൻറിക്വിനെ ഇയ്യിടെ ആൽബ വിശേഷിപ്പിച്ചത് പ്രതിഭാസമെന്നാണ്. ക്ലബ് ലോകക
പ്പുകൂടി ഫ്രാൻസിലേക്ക് കൊണ്ടുപോയാൽ ഇതിഹാസ പരിശീലകരുടെ പട്ടികയിൽ മുൻനിരയിലെത്തും അദ്ദേഹം.സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്തായിരുന്നു ക്ലബ് ലോകകപ്പ് ഗ്രൂപ് ബിയിൽ പി.എസ്.ജിയുടെ തുടക്കം. പക്ഷേ, ബ്രസീലിയൻ ക്ലബായ ബോട്ടഫോഗോയോട് ഒറ്റ ഗോളിന് തോറ്റത് ക്ഷീണമായി. തുടർന്ന് സീറ്റിൽ സൗണ്ടേഴ്സിനെ 2-0ത്തിന് തോൽപിച്ച് ഗ്രൂപ് ജേതാക്കളായി അവസാന 16ൽ.
മറുതലക്കൽ മയാമി ഈജിപ്തിലെ അൽ അഹ്ലിയോട് ഗോൾ രഹിത സമനില വഴങ്ങിയാണ് തുടങ്ങിയത്. തുടർന്ന് പോർട്ടോയെ 2-1ന് വീഴ്ത്തി. പാൽമീറാസുമായി 2-2 സമനില പിടിച്ച് ഗ്രൂപ് എ റണ്ണറപ്പായാണ് മയാമി പ്രീക്വാർട്ടറിൽ കടന്നത്. ഗ്രൂപ് സിയിൽ ബെൻഫികക്ക് പിന്നിൽ രണ്ടാമതായിരുന്നു ബയേൺ. ഡി ഗ്രൂപ് ജേതാക്കളായി ഫ്ലമെംഗോയും മുന്നേറി. മയാമി ഗാർഡൻസിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച വെളുപ്പിന് 1.30നാണ് ബയൺ-ഫ്ലമെംഗോ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.