അങ്കാറ: ടർക്കിഷ് സൂപ്പർ ലീഗ് മത്സരത്തിനിടെ റഫറിയെ മർദിച്ച ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്. തുർക്കിയയിലെ അങ്കാറഗുകു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോകക്കെതിരെയാണ് ടർക്കിഷ് ഫുട്ബാൾ അസോസിയേഷന്റെ നടപടി. ഇതിന് പുറമെ ക്ലബിന് രണ്ട് ദശലക്ഷം ലിറ (ഏകദേശം 57.5 ലക്ഷം രൂപ) പിഴയിടുകയും അഞ്ച് ഹോം മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് റദ്ദാക്കിയിരുന്ന തുർക്കിയയിലെ ലീഗ് മത്സരങ്ങൾ ഡിസംബർ 19ന് പുനരാരംഭിക്കാനും തീരുമാനമായി.
മർദനത്തിൽ പരിക്കേറ്റ റഫറി ആശുപത്രിയിൽ ചികിത്സ തേടുകയും ഫാറൂഖ് കോകയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ക്ലബ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഫാറൂഖ് കോക തന്റെ നടപടിയിൽ പിന്നീട് മാപ്പപേക്ഷിച്ച് രംഗത്തെത്തി.
തിങ്കളാഴ്ച എറിയാമൻ സ്റ്റേഡിയത്തിൽ അങ്കാറഗുകു-റിസേസ്പർ ടർക്കിഷ് സൂപ്പർ ലീഗ് മത്സരം സമാപിച്ചയുടനെയാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. ആതിഥേയരായ അങ്കാറഗുകു ജയത്തിലേക്ക് നീങ്ങവെ കളിതീരാൻ നിമിഷങ്ങൾമാത്രം ബാക്കിനിൽക്കെ റിസേസ്പർ സമനില ഗോൾ നേടി. അന്തിമ വിസിലിന് പിന്നാലെ മൈതാനത്തേക്ക് പാഞ്ഞെത്തിയ അങ്കാറഗുകു പ്രസിഡന്റ് ഫാറൂഖ് കോക മാച്ച് റഫറി ഹലീൽ ഉമുത് മെലെറിന്റെ മുഖത്തും തലക്കും ഇടിക്കുകയായിരുന്നു. ഇതോടെ റഫറി നിലത്തുവീണു. മത്സരത്തിൽ രണ്ട് ടീമിലെയും ഓരോ താരങ്ങൾക്ക് ചുവപ്പ് കാർഡ് നൽകിയിരുന്നു. റഫറിയുടെ തീരുമാനങ്ങളും സമനില ഗോളുമാണ് ഫാറൂഖ് കോസയെ പ്രകോപിപ്പിച്ചത്. റഫറിയെ മർദിച്ച സംഭവത്തെ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അടക്കം അപലപിച്ചിരുന്നു.
തുർക്കിയയിലെ പ്രമുഖ റഫറിമാരിലൊരാളാണ് 37കാരനായ ഹലീൽ ഉമുത് മെലെർ. യുവേഫയുടെ എലൈറ്റ് പാനലിൽ വരുന്ന റഫറിമാരിൽ ഒരാൾ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.