ഇഞ്ചുറി ടൈം ഗോളിൽ ന്യൂകാസിലിനെതിരെ ജയം പിടിച്ച് സിറ്റി; പ്രീമിയർ ലീഗിൽ പോരാട്ടം ഇഞ്ചോടിഞ്ച്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈം ഗോളിൽ ന്യൂകാസിലിനെതിരെ ജയം പിടിച്ച് മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ വ്യക്തമായ ആധിപത്യം കണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം. ഇതോടെ 42 പോയന്റുള്ള ആസ്റ്റൻ വില്ലയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും സിറ്റിക്കായി. 45 പോയന്റുമായി ഒന്നാമതുള്ള ലിവർപൂളുമായി രണ്ട് പോയന്റിന്റെ വ്യത്യാസം മാത്രമാണ് അവർക്കുള്ളത്. ആഴ്സണൽ 40 പോയന്റുമായി നാലാമതും ടോട്ടൻഹാം 39 പോയന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.

കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ സിറ്റി ഗോൾകീപ്പർ എഡേഴ്സന്റെ പിഴവിൽ ഗോൾ നേടാൻ ന്യൂകാസിലിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മൈനസ് പാസ് സ്വീകരിച്ച ഗോൾകീപ്പർ പന്ത് അടിച്ചകറ്റാൻ വൈകിയപ്പോൾ ഓടിയെത്തിയ എതിർതാരത്തിന്റെ ദേഹത്ത് തട്ടി വഴിമാറി. പന്ത് കിട്ടിയ ന്യൂകാസിൽ താരങ്ങൾക്ക് കൃത്യമായി ഫിനിഷ് ചെയ്യാനായില്ല.

26ാം മിനിറ്റിൽ സിറ്റി അക്കൗണ്ട് തുറന്നു. ജെറമി ഡോകു നൽകിയ പന്ത് കെയ്ൽ വാൽകർ വലതുവിങ്ങിൽനിന്ന് ക്രോസ് ചെയ്തപ്പോൾ ബെർണാഡോ സിൽവ ബാക്ക്ഹീലിലൂടെ മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. മൂന്ന് മിനിറ്റിനകം സിൽവക്ക് രണ്ടാം ഗോളിന് അവസരമൊത്തെങ്കിലും ഇത്തവണ ഗോൾകീപ്പർ ​ഡൈവ് ചെയ്ത് തട്ടിയകറ്റി.

35ാം മിനിറ്റിൽ ന്യൂകാസിൽ ഗോൾ തിരിച്ചടിച്ചു. ബ്രൂണോ ഗിമറസ് സ്വന്തം പകുതിയിൽനിന്ന് ഉയർത്തി നൽകിയ ലോങ് പാസ് ​ഓടിയെടുത്ത അലക്സാണ്ടർ ഇസാക് ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റിനകം സിറ്റിയെ ഞെട്ടിച്ച് ന്യൂകാസിൽ ലീഡും നേടി. വലതുവിങ്ങിലൂടെ ഒറ്റക്ക് ​മുന്നേറിയ ആന്റണി ഗോർഡൻ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്തടിച്ചുകയറ്റുകയായിരുന്നു. ഉടൻ ലീഡ് ഇരട്ടിയാക്കാൻ ന്യൂകാസിലിന് സുവർണാവസരം ലഭിച്ചെങ്കിലും ഒറ്റക്ക് മുന്നേറിയ ഇസാകിന് ഇത്തവണ ഗോൾകീപ്പറെ മറികടക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബോക്സിന് തൊട്ടടുത്തുനിന്ന് സിറ്റിക്കനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ഹൂലിയൻ അൽവാരസ് പോസ്റ്റിന്റെ ഇടതുമൂല ലക്ഷ്യമാക്കി കിക്കെടുത്തെങ്കിലും ഗോൾകീപ്പർ വായുവിൽ പറന്ന് പന്ത് പുറത്തേക്ക് തള്ളി. 69ാം മിനിറ്റിൽ പകരക്കാരനായി കെവിൻ ഡിബ്രൂയിൻ എത്തിയതോടെ കളിയും മാറി. ഇതിനിടെ പോസ്റ്റിന്റെ എട്ടുവാര അകലെനിന്ന് അൽവാരസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

74ാം മിനിറ്റിൽ ഡിബ്രൂയിൻ സിറ്റിക്ക് സമനില ഗോൾ നേടിക്കൊടുത്തു. റോഡ്രി നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ താരം പ്രതിരോധ താരങ്ങൾക്കിടയി​ലൂടെ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു. കളി അവസാനിക്കാൻ ഏഴ് മിനിറ്റ് ശേഷിക്കെ റോഡ്രിയുടെ ഷോട്ട് എതിർഗോൾകീപ്പർ തടഞ്ഞതോടെ മത്സരം സമനിലയിലേക്കാണെന്ന് തോന്നിച്ചു. എന്നാൽ, ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഡിബ്രൂയിൻ ഉയർത്തിനൽകിയ പാസ് സ്വീകരിച്ച ഓസ്കാർ ബോബ് അതിമനോഹരമായി പോസ്റ്റിനുള്ളിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ ചെൽസി ഫുൾഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കോൾ പാൽമറാണ് നീലപ്പടക്ക് നിർണായക ജയം സമ്മാനിച്ചത്. 

Tags:    
News Summary - City beat Newcastle with an injury time goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.