ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർക്കും കൊട്ടാവുന്ന ചെണ്ടയായി മാഞ്ചസ്റ്റർ യുനൈറ്റഡ്. ചെൽസിയോടും തോറ്റതോടെ യുനൈറ്റഡ് പതിനാറാം സ്ഥാനത്തേക്ക് വീണു.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു ഗോളിനായിരുന്നു യുനൈറ്റഡിന്‍റെ തോൽവി. യൂറോപ്പ ലീഗ് ഫൈനലിൽ ബുധനാഴ്ച ടോട്ടൻഹാമിനെ നേരിടാനിരിക്കെയാണ് യുനൈറ്റഡ് തോൽവി. ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കി. ലീഗിൽ ഒരു മത്സരം ബാക്കി നിൽക്കെ, നിലവിൽ 37 മത്സരങ്ങളിൽനിന്ന് 66 പോയന്‍റുമായി നാലാം സ്ഥാനത്താണ് നീലപ്പട. മൂന്നാമതുള്ള ന്യൂകാസിലിനും അഞ്ചാമതുള്ള ആസ്റ്റൺ വില്ലക്കും 66 പോയന്‍റാണ്. സ്പാനിഷ് താരം മാര്‍ക്ക് കുക്കുറെല്ലയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്.
71ാം മിനിറ്റിലായിരുന്നു ചെൽസിയുടെ വിജയഗോൾ. റീസ് ജെയിംസിന്റെ അസിസ്റ്റില്‍നിന്ന് കുക്കുറെല്ല ഹെഡറിലൂടെയാണ് ഗോൾ നേടിയത്. ഹാരി മഗ്വയറിന്‍റെ കിടിലൻ വോളിയിലൂടെ യുനൈറ്റഡ് വലകുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുടുങ്ങി. ചെൽസി താരം ജെയിംസിന്‍റെ ഒരു ഷോട്ട് ഇടതു പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ 62ാം മിനിറ്റിൽ ചെല്‍സിക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും വാര്‍ പരിശോധനയില്‍ റഫറി നിഷേധിച്ചു.
സീസണിലെ ചെൽസിയുടെ അവസാന ലീഗ് മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റാണ് എതിരാളികൾ. ജയിച്ചാൽ 2025-26 ചാമ്പ്യൻസ് ലീഗിൽ ടീമിന് ഇടംഉറപ്പിക്കാനാകും. ലീഗ് സീസണിൽ യുനൈറ്റഡിന്‍റെ 18ാം തോൽവിയാണിത്. യൂറോപ്പ് ലീഗിൽ കിരീടം നേടാനായാൽ റൂബൻ അമോറിമിനും സംഘത്തിനും പുതിയ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാനാകും. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആസ്റ്റൺ വില്ല തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.