മിലാൻ: ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാംപാദ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും. മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി ആതിഥേയരായ ഇന്റർ മിലാനെ ബാഴ്സലോണ നേരിടുമ്പോൾ ബുധനാഴ്ച പരിസ് പാർക് ഡെസ് പ്രിൻസസിൽ പി.എസ്.ജി-ആഴ്സനൽ പോരാട്ടവും നടക്കും.
യൂറോപ്പിലെ നാല് പ്രമുഖ ലീഗുകളുടെ പ്രതിനിധികളാണ് അവസാന നാലിൽ ബാക്കിയായിരിക്കുന്നത്. ഒന്നാംപാദത്തിൽ ബാഴ്സയും ഇന്ററും ഒപ്പത്തിനൊപ്പമാണെങ്കിൽ ആഴ്സനലിനെക്കാൾ ഒരു ഗോൾ ലീഡ് പാരിസ് സെന്റ് ജെർമെയ്നുണ്ട്.
ഇന്ററിനെ നേരിടുന്ന ബാഴ്സക്കാണ് കൂട്ടത്തിൽ സമ്മർദം കൂടുതൽ. സ്വന്തം മൈതാനത്ത് നടന്ന ഒന്നാംപാദത്തിൽ തോൽവി മുനമ്പിൽനിന്ന് തിരിച്ചെത്തി 3-3 സമനില പിടിച്ചതിന്റെ ആശ്വാസം കറ്റാലൻസിനുണ്ട്. എന്നാൽ, ഇറ്റാലിയൻ സീരീ എ കിരീടവും ലക്ഷ്യമിടുന്ന ഇന്ററിന്റെ തട്ടകത്തിലാണ് ഇന്നത്തെ കളിയെന്നത് ബാഴ്സയെ സംബന്ധിച്ച് ആശങ്കക്ക് വകനൽകുന്നതാണ്.
ഒന്നാംപാദത്തിൽ ആദ്യ 21 മിനിറ്റ് പിന്നിട്ടപ്പോൾ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്നു ഇന്റർ. തുടർന്ന് ആദ്യ പകുതിയിൽതന്നെ സ്കോർ 2-2ൽ പിടിച്ചു ബാഴ്സ. രണ്ടാംപകുതിയിൽ വീണ്ടും സന്ദർശകർ ലീഡ് പിടിച്ചെങ്കിലും രണ്ട് മിനിറ്റിനകം സെൽഫ് ഗോളിന്റെ ബലത്തിൽ ബാഴ്സ 3-3ലേക്ക് കളി മാറ്റി.
റോബർട്ട് ലെവൻഡോവ്സ്കി
റാഫിഞ്ഞയും ലമീൻ യമാലും ഫെറാൻ ടോറസും ഉജ്ജ്വല ഫോമിൽ കളിക്കുന്നത് ബാഴ്സയുടെ ആക്രമണത്തിന് മൂർച്ചകൂട്ടും. പരിക്കേറ്റ് പുറത്തായിരുന്ന റോബർട്ട് ലെവൻഡോവ്സ്കി കളത്തിൽ മടങ്ങിയെത്തുന്നതോടെ കാര്യങ്ങൾ പൂർണമായും തങ്ങളുടെ വഴിക്ക് വരുമെന്ന ആത്മവിശ്വാസത്തിൽ പരിശീലകൻ ഹാൻസി ഫ്ലിക്.
കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഡിഫൻഡർ ജൂൾസ് കൗണ്ടെ പുറത്തിരിക്കും. വിശേഷങ്ങൾ ഇന്റർ ക്യാമ്പിലുമുണ്ട്. ക്യാപ്റ്റനും അർജന്റീന സ്ട്രൈക്കറുമായ ലൗതാരോ മാർട്ടിനെസ് പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ലൗതാരോ മാർട്ടിനെസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.