സിറ്റിയും റയലും നേർക്കുനേർ; ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് ആദ്യപാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് ആദ്യപാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡും ആദ്യദിനം തന്നെ നേർക്കുനേർ വരുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

രണ്ടു പാദങ്ങളിലായി നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങൾ ജയിക്കുന്ന ടീമുകളാണ് അവസാന പതിനാറിലേക്ക് യോഗ്യത നേടുക. നേരത്തെ ഗ്രൂപ്പ് റൗണ്ടിൽ ആദ്യ എട്ടിലെത്തിയ ടീമുകൾ നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരുന്നു. അർധ രാത്രി 1.30നാണ് സിറ്റിയും റയലും തമ്മിലുള്ള മത്സരം. പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ള ലിവർപൂൾ നേരത്തെ തന്നെ റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടിയിരുന്നു. കൂടാതെ ബാഴ്‌സലോണ, ആഴ്‌സണൽ, ഇന്റർ മിലാൻ, അത്‍ലറ്റിക്കോ മഡ്രിഡ്, ആസ്റ്റൺ വില്ല തുടങ്ങിയ ടീമുകളും അവസാന പതിനാറിലെത്തിയിട്ടുണ്ട്.

ഗ്രൂപ് റൗണ്ടിലേറ്റ അപ്രതീക്ഷിത തിരിച്ചടികളാണ് റയലിനെ പ്ലേ ഓഫ് കളിക്കുന്നതിലേക്ക് എത്തിച്ചത്. മറുവശത്തുള്ള പെപ് ഗ്വാർഡിയോളയുടെ സിറ്റിക്ക് തൊട്ടതെല്ലാം പിഴക്കുകയാണ്. 2022/23 സീസണിൽ ചാമ്പ്യന്മാർ ആയിരുന്നു സിറ്റി. പ്രീമിയർ ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ മാത്രം ഇരുടീമും നാലു തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്.

കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. ഇരുപാദങ്ങളിലുമായുള്ള പോരാട്ടം 4-4ല്‍ സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് റയല്‍ ജയിച്ചു. മികച്ച ഫോമിലുള്ള റയലിനെ തോല്‍പ്പിക്കുക സിറ്റിക്ക് വെല്ലുവിളിയാകും. മറ്റ് മത്സരങ്ങളില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി മറ്റൊരു ഫ്രഞ്ച് ക്ലബ് ബ്രെസ്റ്റുമായി ഏറ്റുമുട്ടും. യുവന്റസ് പി.എസ്.വി ഐന്തോവനെയും സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും നേരിടും.

Tags:    
News Summary - City and Real head to head; The first leg of the Champions League playoffs starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.