ചാമ്പ്യൻസ് ലീഗ്: റയൽ, സിറ്റി ലിവർപൂൾ ജയിച്ചു; പി.എസ്.ജിക്കും അത്ലറ്റികോക്കും സമനില
യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘട്ടത്തിലെ ആദ്യ മത്സരദിനത്തിൽ കരുത്തരായ റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, അയാക്സ് ആംസ്റ്റർഡാം, ബൊറൂസിയ ഡോർട്ട്മുണ്ട് ടീമുകൾ ജയം കരസ്ഥമാക്കിയപ്പോൾ പാരിസ് സെൻറ് ജർമൻ, അത്ലറ്റികോ മഡ്രിഡ് ടീമുകൾക്ക് സമനില. ഇൻറർ മിലാൻ തോൽവി വഴങ്ങി. പുതുമുഖ ടീമായ എഫ്.സി ശെരിഫ് ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം ജയത്തോടെ മധുരമുള്ളതാക്കി.
ആറടിച്ച് സിറ്റി; മുനയൊടിഞ്ഞ് പി.എസ്.ജി
ഗ്രൂപ് എയിൽ മാഞ്ചസ്റ്റർ സിറ്റി 6-3ന് ആർ.ബി ലൈപ്സിഷിനെ തകർത്തപ്പോൾ സൂപ്പർ ത്രയം ലയണൽ മെസ്സി-കെയ്ലിയൻ എംബാപെ-നെയ്മർ അണിനിരന്നിട്ടും പി.എസ്.ജിക്ക് ജയം കാണാനായില്ല. ബെൽജിയം ടീമായ ക്ലബ് ബ്രൂഗാണ് ഫ്രഞ്ച് വമ്പന്മാരെ 1-1ന് തളച്ചത്. മുന്നേറ്റനിര അേമ്പ നിറംമങ്ങിയ കളിയിൽ ആൻഡർ ഹെരേരയാണ് 15ാം മിനിറ്റിൽ പി.എസ്.ജിയെ മുന്നിലെത്തിച്ചത്. 27ാം മിനിറ്റിൽ ഹാൻസ് വാനകെൻ ക്ലബ് ബ്രൂഗിന് സമനില നൽകി. പന്ത് കാൽവശം വെക്കുന്നതിൽ ബഹുദൂരം മുന്നിലായിരുന്നെങ്കിലും (63-36) ഗോൾശ്രമം കൂടുതൽ ബ്രൂഗിനായിരുന്നു (16-9).
ലൈപ്സിഷിനായി ക്രിസ്റ്റഫർ എൻകുൻകു ഹാട്രിക് നേടിയെങ്കിലും ആറു വ്യത്യസ്ത കളിക്കാരിലൂടെ സിറ്റി തിരിച്ചടി നൽകിയപ്പോൾ വിജയം ആധികാരികമായി.
നതാൻ ആകെ, റിയാദ് മഹ്റസ്, ജാക് ഗ്രീലിഷ്, ജാവോ കാൻസലോ, ഗബ്രിയേൽ ജിസ്യൂസ് എന്നിവർ സ്കോർ ചെയ്തപ്പോൾ ഒരു ഗോൾ എതിർതാരം നോർഡി മുകിയേലെ വക ദാനമായിരുന്നു.
മിലാനെ മറികടന്ന് ലിവർപൂൾ; കിതപ്പോടെ അത്ലറ്റികോ
ആവേശകരമായ മത്സരത്തിൽ എ.സി മിലാനെ ലിവർപൂൾ 3-2ന് മറികടന്നതായിരുന്നു മരണഗ്രൂപ്പായ ബിയിലെ പ്രധാന സംഭവം. അത്ലറ്റികോ മഡ്രിഡിനെ എഫ്.സി പോർട്ടോ ഗോൾരഹിത സമനിലയിൽ തളക്കുകയും ചെയ്തു.
ലിവർപൂൾ ആധിപത്യം പുലർത്തിയ മത്സരത്തിൽ മിലാൻ പക്ഷേ, വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. ഒമ്പതാം മിനിറ്റിൽ മിലാൻ ഡിഫൻഡർ ഫികായോ ടൊമോരിയുടെ ദാന ഗോളിൽ മുന്നിലെത്തിയത് ലിവർപൂളാണ്.
ട്രെൻറ് അലക്സാണ്ടർ ആർനോൾഡിെൻറ ക്രോസ് ടൊമോരിയുടെ കാലിൽതട്ടി വലയിൽ കയറുകയായിരുന്നു. എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ആൻഡി റെബിച് (42), ഇബ്രാഹീം ഡയസ് (44) എന്നിവരുടെ ഗോളിൽ മിലാൻ ലീഡെടുത്തു. എന്നാൽ, ഇടവേളക്കുശേഷം മുഹമ്മദ് സലാഹ് (48), ജോർഡൻ ആൻഡേഴ്സൺ (69) എന്നിവരുടെ ഗോളിൽ ലിവർപൂൾ ജയം പിടിച്ചെടുക്കുകയായിരുന്നു.
നാലടിച്ച് ഹാലറും അഞ്ചടിച്ച് അയാക്സും; ജയത്തോടെ ഡോർട്ട്മുണ്ട്
നാലു ഗോളടിച്ച സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലറുടെ മികവിൽ പോർചുഗീസ് ക്ലബ് സ്പോർട്ടിങ് സി.പിയെ 5-1ന് തകർത്തായിരുന്നു ഗ്രൂപ് സിയിൽ അയാക്സിെൻറ പടയോട്ടം. സ്റ്റീവൻ ബെർഗൂയിസിെൻറ വകയായിരുന്നു ഒരു ഗോൾ. പൗളീന്യോയാണ് സ്പോർട്ടിങ്ങിെൻറ ഗോൾ നേടിയത്. 2, 9, 51, 63 മിനിറ്റുകളിലായിരുന്നു ഹാലറുടെ ഗോളുകൾ. ആദ്യ പകുതിയിൽ ജൂഡ് ബെല്ലിങ്ഹാം, എർലിങ് ഹാലൻഡ് എന്നിവർ നേടിയ ഗോളുകൾക്ക് ബെസിക്റ്റാസിനെ 2-1ന് കീഴടക്കിയാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ജയം നേടിയത്.
അത്ഭുതമായി െശരിഫ്; ഇൻററിനെ കീഴടക്കി റയൽ
ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ മോൾഡോവൻ ക്ലബായ എഫ്.സി ശെരിഫ് ആദ്യ കളിയിൽതന്നെ അത്ഭുതം കാണിച്ചു. യുക്രെയ്നിൽനിന്നുള്ള ശാക്റ്റർ ഡൊണസ്കിനെ 2-0ത്തിന് തോൽപിച്ച അവർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കുയരുകയും ചെയ്തു.
അഡാണ ട്രയോറെ (16), മോമോ യാൻസാനെ (62) എന്നിവരാണ് ഗോളുകൾ നേടിയത്. കരുത്തരുടെ പോരിൽ ഇൻറർ മിലാനെ 1-0ത്തിന് കീഴടക്കിയാണ് റയൽ ആദ്യ കളിയിൽ ജയം സ്വന്തമാക്കിയത്.
തുല്യശക്തികളുടെ പോരാട്ടത്തിനൊടുവിൽ 89ാം മിനിറ്റിൽ പകരക്കാരൻ താരം റോഡ്രീഗോ നേടിയ ഗോളിലായിരുന്നു റയൽ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.