ഖത്തറിൽ വിരിയാൻ വെമ്പുന്ന ബ്രസീലിയൻ പൂക്കൾ

ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഇഷ്ടടീമുകളുടെ പിന്നിൽ അണിനിരക്കുന്ന ആഘോഷക്കാലം പടിക്കലെത്തി. ബ്രസീൽ, ബ്രസീൽ എന്ന് വിസിലടിപോലെ കാതിലേക്ക് ഇരമ്പുന്ന ശബ്ദത്തിന് കാത്തിരിക്കുന്നതിന് കാരണം ചെമ്പൻമുടിയും കുറ്റിത്താടിയുമുള്ള ഒരു ചുള്ളൻ സാവോ പോളോക്കാരൻ പയ്യന്റെ സാന്നിധ്യം കൊണ്ടുകൂടിയാണ്.

ഏത് രാജ്യത്തേക്കാളും (1958, 1962, 1970, 1994, 2002 വർഷങ്ങളിൽ) അധികം ഫിഫ ലോകകപ്പ് കിരീടങ്ങൾ ബ്രസീൽ നേടിയിട്ടുണ്ടെന്നത് പ്രതീക്ഷകൾക്ക് ആക്കംകൂട്ടുന്നു. എല്ലാ ഫിഫ ലോകകപ്പിനും യോഗ്യത നേടുന്ന ഒരേയൊരു രാജ്യം കൂടിയാണ് ബ്രസീൽ. എക്കാലത്തെയും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഒരേയൊരു രാജ്യം.പെലെ എന്ന് അറിയപ്പെട്ട എഡ്സൺ അരാന്റേസ് ഡോ നാസിമെന്റോ, റൊമാരിയോ, കഫു, റൊണാൾഡീഞ്ഞോ, റൊണാൾഡോ, റോബർട്ടോ കാർലോസ്... ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ കളിക്കാരെ വാർത്തെടുത്ത് ബ്രസീൽ തങ്ങളുടെ ഖ്യാതി എന്നേ തെളിയിച്ചതാണ്.

ഇവരുടെ തുടർച്ചയായി നെയ്മർ എന്നറിയപ്പെടുന്ന നെയ്മർ ഡാ സിൽവ സാന്റോസ് ജൂനിയറാണ് ഈ ലോകകപ്പിലെ ബ്രസീലിന്റെ കുന്തമുന. ഗോൾവല കാക്കുന്ന അലിസനും 38ാം വയസ്സിലും പ്രതിരോധനിരക്ക് ചുക്കാൻ പിടിക്കുന്ന തിയാഗോ സിൽവയും കാസ്മിറോ നയിക്കുന്ന ശക്തമായ മധ്യനിരയും ബ്രസീലിയൻ വിജയപ്രതീക്ഷകൾക്ക് ആരവമുയർത്തുന്നു.

എക്കാലത്തെയും ദേശീയ സ്‌കോറിങ് റെക്കോഡിനായി പെലെയ്ക്ക് (77) മൂന്ന് ഗോളുകൾക്ക് പിന്നിലാണ് നെയ്മറിന്റെ നിലവിലെ സ്ഥാനം. പുതിയ ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്കിലുള്ള ടീമായിട്ടാണ് ബ്രസീൽ ലോകകപ്പിന് എത്തുന്നത്.ആറാം കിരീടം തേടി ഖത്തറിലെത്തുമ്പോൾ, ആറാം തമ്പുരാനായി നെയ്‌മർ സ്വർണക്കപ്പ് ഉയർത്തുമെന്ന മോഹക്കൊട്ടാരം കെട്ടിപ്പടുക്കുന്നു ആരാധകവൃന്ദം.

നെയ്മറിനുശേഷം ഇനിയാര് എന്ന ചോദ്യത്തിന് ചെറിയ കാലയളവിൽതന്നെ രണ്ട് ലാലിഗയും ഒരു ചാമ്പ്യൻസ് ലീഗും വിജയിച്ച് പ്രകടനമികവുകൊണ്ട് മറുപടിപറയുന്ന വിനിഷ്യസ് ജൂനിയറിനെ പച്ചപ്പുൽത്തട്ടിലെ രാജകുമാരനായി ആരാധകർ അവരോധിച്ചുകഴിഞ്ഞു.

നി​ങ്ങ​ൾ​ക്കും ലോ​ക​ക​പ്പി​ലെ ഇ​ഷ്ട ടീം, ​ക​ളി​ക്കാ​ര​ൻ എ​ന്നി​വ പ​ങ്കു​വെ​ക്കാം mail: kuwait@gulfmadhyamam.net

Tags:    
News Summary - Brazilian flowers eager to bloom in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.