കാർലോ ആഞ്ചലോട്ടി
ബ്രസീൽ ഇന്ന് ഇന്ത്യയിൽ; സ്വകാര്യ ചാർട്ടർ വിമാനത്തിലാണ് ടീം അംഗങ്ങളും ഒഫീഷ്യലുകളും കൊൽക്കത്തയിലെത്തുന്നത്
കൊൽക്കത്ത: ഫുട്ബാൾ ലോകം അതിശയത്തോടെ കാത്തിരിക്കുന്ന ‘ദാവീദ്-ഗോലിയാത്ത്’ പോരാട്ടത്തിനായി കാർലോ ആഞ്ചലോട്ടിയും വിനീഷ്യസ് ജൂനിയറും ഉൾപ്പെടെ വ്യാഴാഴ്ച ഇന്ത്യയിലെത്തുന്നു. ആസ്ട്രേലിയയിലെ രണ്ട് സൗഹൃദ മത്സരങ്ങളും കഴിഞ്ഞ് അടുത്ത അങ്കത്തിനായി കാനറിപ്പട കൊൽക്കത്തയിലെത്തുമ്പോൾ മുൻ ലോകചാമ്പ്യന്മാരുടെ വരവ് രാജകീയമാക്കാൻ ഒരുങ്ങുകയാണ് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ.
എ.ഐ.എഫ്.എഫ് തയാറാക്കുന്ന സ്വകാര്യ ചാർട്ടർ വിമാനത്തിലാണ് ടീം അംഗങ്ങളും ഒഫീഷ്യലുകളും ഉൾപ്പെടെ 90 അംഗ സംഘം ആസ്ട്രേലിയയിൽ നിന്നും കൊൽക്കത്തയിലെത്തുന്നത്. രാജകീയ സജ്ജീകരണങ്ങളാണ് ടീമിനായി ഫെഡറേഷൻ ഏർപ്പെടുത്തിയത്. കളിക്കാർക്കും കോച്ചിനുമായി 30 ബിസിനസ് ക്ലാസ് സീറ്റുകൾ മാറ്റിവെക്കും. കൊൽക്കത്ത വിമാനത്താവളത്തിലും രാജകീയ വരവേൽപാണ് ഒരുക്കുന്നത്.
കോച്ച് ആഞ്ചലോട്ടിക്ക് പുറമെ, ബ്രസീൽ ഫെഡറേഷൻ പ്രസിഡന്റ് സാമിർ സൗദ് ഉൾപ്പെടെ ഉന്നത സംഘവും ടീമിനൊപ്പം ഇന്ത്യയിലെത്തും. മത്സര ശേഷം, വിനീഷ്യസും എൻഡ്രികും തങ്ങളുടെ ക്ലബായ റയൽ മഡ്രിഡിന്റെ ചാർട്ടർ വിമാനത്തിൽ സ്പെയിനിലേക്ക് പറക്കും. ബ്രസീലിനെ നേരിടാനുള്ള ഇന്ത്യൻ ടീം തിങ്കളാഴ്ച തന്നെ കൊൽക്കത്തയിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ച പാനമക്കെതിരെ ബംഗളൂരുവിൽ കളിച്ചതിനു ശേഷമാണ് ഖാലിദ് ജമീലും സംഘവും കൊൽക്കത്തയിലേക്ക് പറന്നത്.
റഫീന്യക്ക് പരിക്ക്; ഇന്ത്യയിലേക്കില്ല
കൊൽക്കത്ത: മുൻലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും ഏറ്റുമുട്ടുന്ന ‘ബിഗ് ഫൈറ്റിന്’ കാത്തിരിക്കുന്ന ആരാധകരെ നിരാശപ്പെടുത്തി കാനറികളുടെ ഗോൾമെഷീൻ റഫീന്യ നാട്ടിലേക്ക്. ഇന്ത്യ-ബ്രസീൽ പോരാട്ടം ശനിയാഴ്ച കൊൽക്കത്തയിൽ നടക്കാനിരിക്കെ ബാഴ്സലോണ താരം നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. ബ്രസീൽ ടീമിനൊപ്പം ആസ്ട്രേലിയക്കെതിരെ കളിച്ച താരം വലതു കാലിലെ പരിക്കിനു പിന്നാലെ ദേശീയ ടീം വിട്ടതായാണ് റിപ്പോർട്ട്.
ചൊവ്വാഴ് നടന്ന ബ്രസീൽ-ആസ്ട്രേലിയ മത്സരത്തിൽ െപ്ലയിങ് ഇലവനിൽ ഇടം നേടിയ റഫീന്യ, ഒന്നാം പകുതി അവസാനിച്ചതിനു പിന്നാലെ കളം വിട്ടിരുന്നു. ഇതിനിടെ പെനാൽറ്റിയിലൂടെ ബ്രസീലിനായി സ്കോറും ചെയ്തു. പരിശോധനയിൽ വലതു തുടയുടെ പേശിക്ക് നേരിയ പരിക്കേറ്റതായി ബ്രസീൽ ടീം മെഡിക്കൽ റിപ്പോർട്ട് വിശദീകരിച്ചു. ഇതോടെയാണ് ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്നും താരത്തെ ഒഴിവാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.