‘അഭയാർഥികൾക്കെതിരായ ബ്രിട്ടീഷ് നയം നാസി നടപടി’യെന്ന് ട്വീറ്റ് ; ‘മാച്ച് ഓഫ് ദി ഡേ’യിൽ ഗാരി ലിനേകറെ വെട്ടി ബി.ബി.സി

ജനപ്രിയ കായിക അവലോകന പരിപാടിയായ ‘മാച്ച് ഓഫ് ദി ഡേ’ അവതാരകൻ ഗാരി ലിനേകറെ പുറത്തുനിർത്തി പ്രമുഖ വാർത്താ ചാനലായ ബി.ബി.സി. രാജ്യത്തെത്തുന്ന അഭയാർഥികളെ തടയാനുള്ള ബ്രിട്ടീഷ് നയത്തിനെതിരെ സമൂഹ മാധ്യമത്തിൽ കടുത്ത വിമർശനവുമായി പോസ്റ്റിട്ടതിനു പിന്നാലെയാണ് ബ്രിട്ടീഷ് സർക്കാറിനു കീഴിലുള്ള വാർത്താ ചാനലിന്റെ നടപടി. പ്രിമിയർ ലീഗ് മത്സരങ്ങൾ നടക്കുന്ന ദിവസം പ്രമുഖരായ അതിഥികൾക്കൊപ്പം നടത്തുന്ന പരിപാടിയാണ് 1964 മുതലുള്ള ‘മാച്ച് ഓഫ് ദി ഡേ’.

ലിനോകർക്കൊപ്പം പരിപാടി നടത്താനില്ലെന്ന് അലൻ ഷിയറർ ഉൾപ്പെടെ മുൻനിര താരങ്ങൾ പറഞ്ഞിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് നടപടി.

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവേല സള്ളിവൻ പുറത്തുവിട്ട നയരേഖയാണ് പുറത്താകലിലെത്തിച്ചത്. കൊച്ചുയാനങ്ങളിൽ ഇംഗ്ലീഷ് ചാനൽ മുറിച്ചുകടക്കുന്ന അഭയാർഥികളെ തടയാനുള്ള നടപടിയായിരുന്നു നയരേഖയിൽ വിശദമാക്കിയത്. ഇതിനെതിരെ രംഗത്തുവന്ന ലിനേകർ കടുത്ത വിമർശനം ഉയർത്തി. ‘30കളിൽ ജർമനി സ്വീകരിച്ച അതേ നയം തന്നെയാണ് ലോകത്തെ ഏറ്റവും അവശരായ വിഭാഗത്തിനു നേരെയുള്ള ക്രൂരമായ നയമെന്ന്’ സമൂഹ മാധ്യമത്തിലിട്ട പോസ്റ്റ് പറയുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് അഭയാർഥികളുടെ ഒഴുക്ക് സമ്പൂർണമായി തടയാൻ ലക്ഷ്യമിട്ടുള്ളതാണ് നയം. കഴിഞ്ഞ വർഷം 45,000 ഓളം പേർ ഇങ്ങനെ എത്തിയതായാണ് കണക്ക്. എന്നാൽ, മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറച്ച് അഭയാർഥികളെത്തുന്ന നാടാണ് ബ്രിട്ടനെന്നും അവരെ കൂടി അകറ്റിനിർത്തുകയാണ് ലക്ഷ്യമെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു.

രാജ്യത്ത് ഈ നീക്കത്തിനൊപ്പം നിൽക്കുന്നവരും വിമർശകരും ഒരുപോലെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടെയാണ് ലിനേകർ എതിർത്ത് പോസ്റ്റിട്ടത്. ഇതോടെ, പൊതുഖജനാവിൽനിന്ന് പണംമുടക്കി നടത്തുന്ന ചാനൽ ലിനേക്കർക്കെതിരെ നടപടിക്ക് നിർബന്ധിതമാകുകയായിരുന്നു. അഭയാർഥികൾക്കെതിരായ നീക്കം യു.എൻ ചട്ടങ്ങൾക്കെതിരാണെന്ന വിമർശനമുണ്ട്. ലിനേക്കറെ മാറ്റിനിർത്തിയതിനെതിരെ നിരവധി നേതാക്കളും കായിക താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

മാധ്യമങ്ങ​ളുടെ വായ് മൂടിക്കെട്ടി സ്വന്തം ഇഷ്ടം നടപ്പാക്കുന്ന ഫാഷിസ്റ്റ് നടപടിയാണിതെന്നാണ് ആക്ഷേപം. 

Tags:    
News Summary - BBC Axes Gary Lineker From 'Match Of The Day' Show Due To "Impartiality" Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT