ബെർണബ്യൂ കത്തിച്ച് സാവിയുടെ ബാഴ്സ; റയലിനെ തകർത്തത് നാല് ഗോളിന്

ലാ ലിഗയിലെ എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ മാഡ്രിഡിനെ തകർത്ത് ബാഴ്സലോണ. ബാഴ്സക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടിയ പിയറെ എമറിക്ക് ഒബമയാങ് ആണ് താരം. അദ്ദേഹത്തിന് പുറമെ റൊണാൾഡ് അറഹോയും ഫെറാൻ ടോറസും ഓരോ ഗോൾ വീതം നേടി മത്സരത്തിന് മാറ്റു കൂട്ടി. മത്സരത്തിന്‍റെ 29ാം മിനിറ്റിലാണ് ഒബയാങ് ആദ്യമായി വലകുലുക്കിയത്. ഡെംബെലെ നൽകിയ പാസ് ഒബയാങ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

38ാം മിനിറ്റിലെ അറഹോയുടെ ഗോൾ ബാഴ്സയുടെ ലീഡുയർത്തി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്സ മൂന്നാം തവണയും വലകുലുക്കി. 55 മിനിറ്റിനുള്ളിൽ തന്നെ നാല് ഗോളുകൾ നേടി ബാഴ്സ വിജയക്കൊടി നാട്ടി.

റയലിന്‍റെ ടോപ് സ്കോറർ കരിം ബെൻസിമയുടെ പരിക്ക് മൂലമുള്ള അഭാവം മത്സരത്തിൽ പ്രകടമായിരുന്നു. രണ്ടാം പാദത്തിൽ മരിയാനോ ഡിയസിനെ മുന്നിൽ നിർത്തി ആൻസലോട്ടി തന്ത്രങ്ങൾ മാറ്റി പഴറ്റിയെങ്കിലും കാര്യമുണ്ടായില്ല. തുടക്കം മുതൽ ബാഴ്സ മത്സരത്തിൽ പിടി മുറുക്കിയതോടെ റയലിന്‍റെ പിടി വിടുകയായിരുന്നു.

2019 ന് ശേഷം ഇതാദ്യമായാണ് ബാഴ്സ റയലിനെ തോൽപിക്കുന്നത്. ബാഴ്സയുമായി തോൽവി വഴങ്ങിയെങ്കിലും റയലിന് ഒന്നാം സ്ഥാനം നിലനിർത്താനായി. 28 മത്സരങ്ങളില്‍ നിന്ന് 54 പോയിന്റ് നേടി ബാഴ്സ മൂന്നാം സ്ഥാനത്തും 29 മത്സരങ്ങളില്‍ നിന്ന് 66 പോയന്റ് സ്വന്തമാക്കി റയൽ ഒന്നാം സ്ഥാനവും തുടരുന്നു.

Tags:    
News Summary - Barcelona stuns Madrid at Bernabeu to end losing streak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.