'ബാഴ്സയുടെ കയ്യിൽ പണമില്ല'; ഹാരി കെയ്നായുള്ള നീക്കത്തെ പരിഹസിച്ച് ബയേൺ

ബാഴ്സലോണ: വരാനിരിക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ മുന്നേറ്റനിര ശക്തമാക്കാൻ വൻ നീക്കങ്ങളുമായി സ്പാനിഷ് വമ്പന്മാരായ എഫ്.സി ബാഴ്സലോണ. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റൈൻ താരം ഹൂലിയൻ അൽവാരസിനെയാണ് ക്ലബ്ബ് പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിലും, ആ നീക്കം പരാജയപ്പെട്ടാൽ ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നെ ടീമിലെത്തിക്കാനാണ് ബാഴ്സയുടെ നീക്കം.

റോബർട്ട് ലെവൻഡോവ്സ്കിയുടെ പടിയിറക്കത്തോടെ ക്ലബ്ബിലുണ്ടായ പരിചയസമ്പന്നനായ ഒരു 'നമ്പർ 9' സട്റെക്കറുടെ കുറവ് നികത്തുക എന്നതാണ് ബാഴ്സലോണയുടെ നിലവിലെ പ്രധാന ലക്ഷ്യം. എന്നാൽ അൽവാരസിനായുള്ള ട്രാൻസ്ഫർ ചർച്ചകൾ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ നിലപാടുകൾ കാരണം സങ്കീർണ്ണമായി തുടരുകയാണ്. ഇതാണ് ഹാരി കെയ്നിലേക്ക് ശ്രദ്ധ തിരിക്കാൻ ബാഴ്സയെ പ്രേരിപ്പിക്കുന്നത്.

പ്രതിബന്ധങ്ങൾ ഏറെയുണ്ടെങ്കിലും ഹാരി കെയ്നെ തങ്ങളുടെ പരിഗണനാ പട്ടികയിൽ നിന്ന് മാറ്റാൻ ബാഴ്സലോണ തയ്യാറായിട്ടില്ല. ലെവൻഡോവ്സ്കിക്ക് പകരക്കാരനാകാൻ കെൽപ്പുള്ള, നിലവിൽ ലഭ്യമായ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായാണ് ഇംഗ്ലണ്ട് നായകനെ ബാഴ്സ മാനേജ്മെന്റ് കാണുന്നത്. അൽവാരസ് കരാർ നടന്നില്ലെങ്കിൽ കെയ്നായുള്ള നീക്കങ്ങൾ സജീവമാക്കാനാണ് ക്ലബ്ബിന്റെ ആഭ്യന്തര പ്ലാനിംഗ്.

ഹാരി കെയ്നെ സ്വന്തമാക്കുക എന്നത് ബാഴ്സലോണയ്ക്ക് അത്ര എളുപ്പമാകില്ല. കെയ്ന്റെ കരാറിലുണ്ടായിരുന്ന 65 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നിലവിൽ കാലഹരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ താരത്തെ വിട്ടു കിട്ടാൻ ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കുമായി നേരിട്ട് ചർച്ച നടത്തേണ്ടി വരും. കുറഞ്ഞത് 80 മില്യൺ യൂറോയോ അതിൽ കൂടുതലോ ആണ് ബയേൺ കെയ്നായി ആവശ്യപ്പെടാൻ സാധ്യത.

തങ്ങളുടെ സൂപ്പർ സ്ട്രൈക്കറെ വിൽക്കാൻ താല്പര്യമില്ലെന്ന് ബയേൺ മ്യൂണിക് വ്യക്തമാക്കി കഴിഞ്ഞു. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെ പരിഹസിച്ചുകൊണ്ടായിരുന്നു ബയേണിന്റെ പ്രതികരണം. 'ബയേൺ മ്യൂണിക് കളിക്കാരെ വാങ്ങുന്ന ക്ലബ്ബാണ്, വിൽക്കുന്ന ക്ലബ്ബല്ല. എന്തായാലും ബാഴ്സലോണയുടെ കയ്യിൽ പണമില്ലല്ലോ,' ബയേൺ മ്യൂണിക് ഹോണററി പ്രസിഡന്റ് ഉലി ഹീനസ് പറഞ്ഞു.

അതേസമയം, ഹാരി കെയ്ന് ബാഴ്സലോണയിലേക്ക് വരാൻ താല്പര്യമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ കറ്റാലൻ ക്ലബ്ബിൽ നിന്നുള്ള ഓഫറുകൾ താരം പൂർണ്ണമായി തള്ളിക്കളയില്ലെന്നും അനുകൂലമായ സാഹചര്യം ഒത്തുവന്നാൽ സ്പെയിനിലേക്ക് ചേക്കേറാൻ കെയ്ൻ തയ്യാറായേക്കുമെന്നുമാണ് പുതിയ സൂചനകൾ.

Tags:    
News Summary - Barcelona see Bundesliga top-scorer as Julian Alvarez's alternative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.