ബാഴ്സലോണ: നഗരവൈരികളായ എസ്പാന്യോളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ ലാ ലിഗ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ ഒമ്പത് പോയിന്റ് മുന്നിലെത്താൻ ബാഴ്സയ്ക്കായി. ഫെറാൻ ടോറസിന്റെ ഇരട്ടഗോളും ലാമിൻ യമാൽ, മാർക്കസ് റാഷ്ഫോർഡ് എന്നിവരുടെ ഗോളുകളുമാണ് ബാഴ്സയ്ക്ക് ആധികാരിക ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബാഴ്സയ്ക്കായി പത്താം മിനിറ്റിൽ ഫെറാൻ ടോറസ് ആദ്യ ഗോൾ നേടി. ലാമിൻ യമാൽ എടുത്ത കോർണറിൽ നിന്നായിരുന്നു ടോറസിന്റെ ഹെഡർ ഗോൾ. 25-ാം മിനിറ്റിൽ യമാലിന്റെ പാസിൽ നിന്ന് തന്നെ ടോറസ് രണ്ടാം ഗോളും കണ്ടെത്തി. 56-ാം മിനിറ്റിൽ പോൾ ലൊസാനോയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് എസ്പാന്യോൾ പോരാട്ടവീര്യം കാട്ടിയെങ്കിലും 87-ാം മിനിറ്റിൽ യമാൽ ബാഴ്സയുടെ ലീഡുയർത്തി. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഫ്രെങ്കി ഡി ജോങ്ങിന്റെ ക്രോസിൽ നിന്ന് മാർക്കസ് റാഷ്ഫോർഡ് നാലാം ഗോളും പൂർത്തിയാക്കി.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയോട് സമനില വഴങ്ങിയതാണ് റയൽ മാഡ്രിഡിന് തിരിച്ചടിയായത്. ലീഗിൽ ഏഴ് മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ 79 പോയിന്റുമായി ബാഴ്സലോണ ബഹുദൂരം മുന്നിലാണ്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിന് മുന്നോടിയായി ഈ വിജയം ഹാൻസി ഫ്ലിക്കിനും സംഘത്തിനും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.