അയ്മനും (ഇടത്ത്)

സഹോദരൻ അസ്ഹറും

അയ്മനും അസ്ഹറും ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ഇരട്ട എൻജിൻ

2016 ഡിസംബർ 18. കൊച്ചി സ്റ്റേഡിയത്തിലെ ഐ.എസ്.എൽ ഫൈനൽ വേദി. മഞ്ഞത്തീക്കാറ്റുപോലെ ആവേശത്താൽ ആർത്തലച്ചുകൊണ്ടിരിക്കുന്ന സ്റ്റേഡിയത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെയും എ.ടി.കെയുടെയും ടീമുടമകളായ സചിൻ ടെണ്ടുൽകറും സൗരവ് ഗാംഗുലിയും സംഘാടകയായ നിത അംബാനിയും എത്തുന്നു.

ഇവർക്കു മുന്നിൽ ഐ.എസ്.എൽ കപ്പുമായി 13 വയസ്സുള്ള ഇരട്ട സഹോദരങ്ങൾ മുഹമ്മദ് അയ്മനും മുഹമ്മദ് അസ്ഹറും. ലക്ഷദ്വീപിന്റെ കടലിരമ്പം കേട്ടുവളർന്ന ഇരുവരും പിന്നീട് മഞ്ഞക്കടലിരമ്പത്തിന് തിരികൊളുത്തിയ ബ്ലാസ്റ്റേഴ്സിന്റെ പച്ചപ്പുൽ മൈതാനത്ത് പന്തുതട്ടി വളർന്നു.

ഐ.എസ്.എൽ ട്രോഫി കൈയിലേന്തിയ ജീവിതത്തിലെ ആ അസുലഭ നിമിഷത്തിൽനിന്ന് ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ ബൂട്ടണിയുക എന്ന മോഹത്തിലേക്ക് ഒരു ചുവടുമാത്രം അകലെയാണ് ഇന്ന് ഈ സഹോരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് സ്ക്വാഡിലെ അംഗങ്ങളായ ഇരുവരും കൊൽക്കത്തയിൽ നടക്കുന്ന ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ 'ഇരട്ട' എൻജിനായിരുന്നു.

ക്വാർട്ടറിൽ പരിചയസമ്പന്നരായ മുഹമ്മദൻസിന് മുന്നിൽ അടിയറവ് പറഞ്ഞെങ്കിലും മികച്ച പ്രകടനത്തോടെ തലയുയർത്തിത്തന്നെയാണ് അയ്മനും അജ്സലും അരിത്രയും അസ്ഹറും വിപിനും സച്ചിനുമെല്ലാമടങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ രണ്ടാംനിര മടങ്ങിയത്.


അസ്ഹർ


 


അയ്മൻ മുന്നേറ്റ നിരയിലും അസ്ഹർ മധ്യനിരയിലും പന്തുതട്ടി. അയ്മന്റെ ആക്രമണോത്സുകതയും പന്തടക്കവും ഫിനിഷിങ് പാടവവും കണ്ടവർ, ഭാവിയിലെ മിന്നുംതാരത്തിന്റെ പിറവിയാണിതെന്ന് ഒരേ സ്വരത്തിൽ പറയുന്നു. ഡ്യൂറന്റ് കപ്പിൽ ആർമി ഗ്രീനിനെതിരായ ഗ്രൂപ് മത്സരത്തിൽ 25ാം മിനിറ്റിൽ അയ്മൻ നേടിയ ഗോൾ മാത്രം മതി ഇതിന് തെളിവായി.


 


അയ്മൻ 

മധ്യനിരയിൽനിന്ന് അസ്ഹർ നൽകിയ പന്ത് വിപിനിലേക്ക്. സമയമൊട്ടും കളയാതെ വിപിൻ പന്ത് ബോക്സിന്റെ വലതുമൂലയിൽ കാത്തുനിന്ന അയ്മന് നൽകുന്നു. ഫസ്റ്റ് ടച്ചിൽ അയ്മൻ പന്ത് പാകത്തിലൊരുക്കി ഒരടി മുന്നോട്ടുനീങ്ങി ഇടങ്കാലുകൊണ്ട് അളന്നു തൂക്കിയൊരു ഷോട്ട്. പിറകെ പറന്ന ആർമി ഗ്രീൻ ഗോളിയെയും കടന്ന് പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് താഴ്ന്നിറങ്ങി. ക്ലാസിക്കൽ ഫിനിഷ് !

പിതാവ് കെ.സി. റഫീഖ് കൊച്ചിയിൽ ലക്ഷദ്വീപ് കമ്യൂണിക്കേഷൻ ജീവനക്കാരനാണ്. 19 വയസ്സുള്ള അയ്മനും അസ്ഹറും ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്കൂൾ മൈതാനത്ത് പന്തുതട്ടിയാണ് കളിച്ചുതുടങ്ങുന്നത്. സീസണനുസരിച്ച് ക്രിക്കറ്റും ഫുട്ബാളും ഇരുവരും കളിച്ചുനടന്നു.

ഒരിക്കൽ ആന്ത്രോത്ത് നടന്ന ഫുട്ബാൾ ടൂർണമെന്റിൽ മികച്ച കളിക്കാരനായി അയ്മൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അന്നത്തെ ഫൈനലിൽ അസ്ഹറിന്റെ ഗോളിലാണ് ക്ലബ്ബ് കപ്പടിച്ചത്. അസ്ഹർ ഫൈനലിലെ മികച്ച താരമായി. ഇരുവരും നെഞ്ചിൽ സൂക്ഷിക്കുന്ന അനുഭവമാണത്.

ഒരുപോലെ മികച്ച കളിക്കാരായി മാറണമെന്നതാണ് അസ്ഹറിന്റെയും അയ്മന്റെയും ആഗ്രഹം. മിഡ്ഫീൽഡ് ഇതിഹാസമായിരുന്ന ഷാവിയാണ് അസ്ഹറിന്റെ ഇഷ്ടതാരം. അയ്മനാകട്ടെ നെയ്മറെ വിട്ടൊരു കളിയില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബാൾ സ്കൂളിൽ നിന്ന് തുടങ്ങി അണ്ടർ -15, അണ്ടർ -18 വിഭാഗങ്ങളിൽ കളിച്ച് റിസർവ് സ്ക്വാഡ്‍വരെയെത്തി നിൽക്കുകയാണ് ഇരുവരും.

കേരള പ്രീമിയർ ലീഗിലും ഡെവലപ്മെന്റൽ ലീഗിലും നെക്സ്റ്റ്ജെൻ കപ്പിലും ഡ്യൂറൻഡ് കപ്പിലും ബ്ലാസ്റ്റേഴ്സിന്റെ റിസർവ് സ്ക്വാഡിനായി ബൂട്ടുകെട്ടി. തങ്ങളുടെ കളി ജീവിതത്തിന്റെ ഭാഗധേയം നിർണയിച്ച ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കുടുംബം തന്നെയാണെന്ന് ഇരുവരും പറയുന്നു. കഴിഞ്ഞ തവണ സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പിൽ കേരളത്തിനെതിരെ കളിച്ച ലക്ഷദ്വീപ് ടീമിൽ അംഗമായിരുന്നു അയ്മനും അസ്ഹറും.


 



കാഴ്ചയിൽ ഒരുപോലെയിരിക്കുന്ന ഇരുവരെയും കോച്ചിനുവരെ ചിലപ്പോൾ മാറിപ്പോവാറുണ്ട്. കളികഴിഞ്ഞുള്ള മീറ്റിങ്ങിൽ ചിലപ്പോൾ അയ്മന്റെ മുഖത്തുനോക്കിയാവും അസ്ഹറിനെ കുറിച്ച് കോച്ച് സംസാരിക്കുക. അപ്പോൾ അയ്മൻ പതുക്കെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കും; ഞാനല്ല അവനാണ് എന്ന്.

ഇത്തരം രസകരമായ സംഭവങ്ങൾ മൈതാനത്തും പുറത്തും ഉണ്ടാവാറുണ്ടെന്ന് ക്ലബ് പങ്കുവെച്ച ഔദ്യോഗിക വിഡിയോയിൽ ഇരുവരും പറയുന്നു. ഒരുമിച്ച് കളിക്കുന്നത് വേറൊരു ഫീൽ ആണ്. ചെറുപ്പം മുതൽ ഇപ്പോഴും അങ്ങനെ തുടരാനാവുന്നതിൽ സന്തോഷം.

പൊളിയാണ്. ഞങ്ങൾ ചിൽ ആണ്- അയ്മനും അസ്ഹറും പറയുന്നു. ഒക്ടോബർ ഏഴിന് ആരംഭിക്കുന്ന ഐ.എസ്.എല്ലിന്റെ പുതിയ സീസണിലേക്കുള്ള ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കാനിരിക്കുകയാണ്. ഐ.എസ്.എല്ലിന്റെ ഫൈനൽ മൈതാനത്തേക്ക് കപ്പും പിടിച്ച് കടന്നുവന്ന ആ കൗമാരക്കാരായ ഇരട്ടകൾ, അഞ്ചു വർഷങ്ങൾക്കിപ്പുറം കൊച്ചിയുടെ മൈതാനത്ത് ഐ.എസ്.എല്ലിൽ ബൂട്ടുകെട്ടുമോ? ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽനിന്ന് പുറത്തുവരുന്ന വിവരങ്ങളിൽ ചില സൂചനകളുണ്ട്. അങ്ങനെയെങ്കിൽ അത് ഐ.എസ്.എല്ലിലെ 'ഇരട്ട' ചരിത്രമാവും.

Tags:    
News Summary - Ayman and Azhar are the reserve twin engines of Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT