ചാമ്പ്യൻസ് ലീഗിൽ അത്‍ലറ്റികോയുടെ ആറാട്ട്; തോൽവി രുചിച്ച് ബാഴ്സലോണയും പി.എസ്.ജിയും

ചാമ്പ്യൻസ് ലീഗിൽ ആറ് ഗോളിന്റെ തകർപ്പൻ ജയവുമായി അത്‍ലറ്റികോ മാഡ്രിഡ്. സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിനെയാണ് സ്​പെയിൻകാർ തകർത്തുവിട്ടത്. 23ാം മിനിറ്റിൽ സെൽറ്റിക് താരം ഡെയ്സൻ മയേഡ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് അത്‍ലറ്റി​കോക്ക് ഗോളടിച്ചുകൂട്ടാൻ സഹായകമായത്. ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാൻ, സ്പാനിഷ് താരം അൽവാരോ മൊറാ​ട്ട എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ ഡയസ് ലിനൊ, സൗൾ നിഗ്വെസ് എന്നിവരുടെ വകയായിരുന്നു ശേഷിക്കുന്ന ഗോളുകൾ.

ആറാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാനിലൂടെയാണ് അത്‍ലറ്റികോ ഗോളടി തുടങ്ങിയത്. 23ാം മിനിറ്റിൽ എതിർ ടീമിൽ ഒരാൾ കുറഞ്ഞതോടെ അത്‍ലറ്റികോ ആക്രമണം ശക്തമാക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സാന്റിയാഗോ ഗിമെനസിന്റെ അസിസ്റ്റിൽ അൽവാരോ മൊറാട്ട കൂടി ലക്ഷ്യം കണ്ടതോടെ രണ്ട് ഗോൾ ​ലീഡോടെയാണ് ഒന്നാം പകുതി പിരിഞ്ഞത്. എന്നാൽ, രണ്ടാം പകുതിയിൽ തുടരെത്തുടരെ ഗോളുകൾ അടിച്ചുകൂട്ടുകയായിരുന്നു. 60ാം മിനിറ്റിൽ ഗ്രീസ്മാൻ രണ്ടാം തവണയും ലക്ഷ്യം കണ്ടപ്പോൾ ആറ് മിനിറ്റിനകം മൊറാട്ടയുടെ പാസിൽ ഡയസ് ലിനോ ടീമിന്റെ ലീഡ് നാലാക്കി ഉയർത്തി. അടുത്ത രണ്ട് ഗോളിനും വഴിയൊരുക്കിയത് ലിനൊയായിരുന്നു. 76ാം മിനിറ്റിൽ മൊറാട്ട രണ്ടാം ഗോൾ നേടിയ​പ്പോൾ 84ാം മിനിറ്റിൽ സൗൾ പട്ടിക തികച്ചു. ജയത്തോടെ എട്ട് പോയന്റുമായി അത്‍ലറ്റികോ​യാണ് ഗ്രൂപ്പ് ‘ഇ’യിൽ മുമ്പിൽ. ഏഴ് പോയന്റുള്ള ലാസിയോ തൊട്ടുപിന്നിലുണ്ട്.

അതേസമയം, ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയെ ഇറ്റാലിയൻ ക്ലബ് എ.സി മിലാൻ 2-1ന് തകർത്തു. 12ാം മിനിറ്റിൽ റഫേൽ ലിയാവോയും 50ാം മിനിറ്റിൽ ഒലിവർ ജിറൂഡുമാണ് എ.സി മിലാന്റെ ഗോളുകൾ നേടിയത്. പി.എസ്.ജിയുടെ ആശ്വാസ ഗോൾ ഒമ്പതാം മിനിറ്റിൽ മിലൻ സ്ക്രിനിയറിന്റെ വകയായിരുന്നു. മത്സരത്തിന്റെ 70 ശതമാനവും ബാൾ വരുതിയിലാക്കിയിട്ടും ഗോളടിക്കുന്നതിൽ പരാജയപ്പെട്ടതാണ് പി.എസ്.ജിക്ക് തിരിച്ചടിയായത്. ഗ്രൂപ്പിൽ ഏഴ് പോയന്റുമായി ബൊറൂസിയ ഡോട്ട്മുണ്ടാണ് ഒന്നാമത്. പി.എസ്.ജി ആറ് പോയന്റുമായി രണ്ടാമതും എ.സി മിലാൻ അഞ്ച് പോയന്റുമായി മൂന്നാമതും നാല് പോയന്റുമായി ന്യൂകാസിൽ യുനൈറ്റഡ് നാലാമതുമാണ്.

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും തോൽവി രുചിച്ചു. ഷാക്തർ ഡോനട്സ്കാണ് എതിരില്ലാത്ത ഒറ്റ ഗോളിന് ബാഴ്സയെ അട്ടിമറിച്ചത്. 40ാം മിനിറ്റിൽ ഡാനിലൊ സികാൻ നേടിയ ഹെഡർ ഗോളാണ് കളിയുടെ ഗതി നിർണയിച്ചത്. തോറ്റെങ്കിലും ഒമ്പത് പോയന്റുമായി ബാഴ്സയാണ് ഗ്രൂപ്പ് എച്ചിൽ മുമ്പിൽ. അത്രയും പോയന്റുള്ള എഫ്.സി പോർട്ടൊ രണ്ടാമതാണ്. ആറ് പോയന്റുള്ള ഷാക്തർ മൂന്നാം സ്ഥാനത്തുണ്ട്.

മറ്റൊരു മത്സരത്തിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സ്വിസ് ക്ലബ് ബി.എസ്.സി യങ് ബോയ്സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റി ജയം കുറിച്ചത്. സൂപ്പർ താരം എർലിങ് ഹാലൻഡ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ സമ്പൂർണ ആധിപത്യത്തോടെയായിരുന്നു സിറ്റിയുടെ ജയം. 23ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലൻഡാണ് ഗോൾവേട്ട തുടങ്ങിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് ഫിൽ ഫോഡനിലൂടെ ഇംഗ്ലീഷുകാർ ലീഡ് ഇരട്ടിപ്പിച്ചു. 51ാം മിനിറ്റിൽ രണ്ടാം ഗോളടിച്ച് ഹാലൻഡ് സിറ്റിയുടെ ജയമുറപ്പിച്ചു. 53ാം മിനിറ്റിൽ എതിർ താരം സാന്ദ്രൊ ലോപർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ യങ് ബോയ്സ് പൂർണമായും പ്രതിരോധത്തിൽ ഒതുങ്ങി. കളിയുടെ 72 ശതമാനവും വരുതിയിലാക്കിയ സിറ്റി ജയത്തോടെ അവസാന 16ൽ ഇടം പിടിക്കുകയും ചെയ്തു. 27 ഷോട്ടുകൾ എതിർവല ലക്ഷ്യമാക്കി സിറ്റി പായിച്ചപ്പോൾ ഒറ്റ ഷോട്ട് പോലും എതിരാളികൾക്ക് എടുക്കാനായില്ല.

ജർമൻ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് ഇംഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുനൈറ്റഡിനെ തോൽപിച്ചു. നിക്ലാസ് ഫുൾക്രഗ്, ജൂലിയൻ ബ്രാന്റ് എന്നിവരുടെ ബൂട്ടിൽനിന്നായിരുന്നു ഗോളുകൾ. 

Tags:    
News Summary - Atletico's triumph in the Champions League; Barcelona and PSG taste defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.