ദോഹ: വിൽപന തുടങ്ങി ഏഴു ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞ് ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ആദ്യ ഘട്ട ടിക്കറ്റുകൾ. ഒക്ടോബർ പത്തിന് തുടങ്ങിയ ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ടത്തിൽ നീക്കിവെച്ച 1.50 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ഏഷ്യൻ കപ്പ് ഖത്തർ 2023 സംഘാടകർ അറിയിച്ചു. വൻകരയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ആവേശത്തോടെയാണ് ഓൺലൈൻ വഴി ടിക്കറ്റുകൾ സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച വിൽപന ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ 81,209 ടിക്കറ്റുകൾ ആരാധകർ വാങ്ങിക്കൂട്ടി. ഏറ്റവും കൂടുതൽ ആതിഥേയരായ ഖത്തറിൽ നിന്നാണ്. അയൽ രാജ്യമായ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതായുള്ളത് ഇന്ത്യക്കാരും.
ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന വൻകരയുടെ ഫുട്ബാൾ മേളയിൽ 24 ടീമുകളാണ് മാറ്റുരക്കുന്നത്. ലോകകപ്പിന്റെ ഏഴു വേദികൾ ഉൾപ്പെടെ ഒമ്പതു സ്റ്റേഡിയങ്ങളിലായി 30 ദിവസം നീളുന്ന മിന്നും പോരാട്ടത്തിനാവും ഖത്തർ വേദിയാവുന്നത്. 51 മാച്ചുകൾ ഉൾപ്പെടുന്ന ടൂർണമെന്റിൽ ഗ്രൂപ് റൗണ്ട്, പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ ഉൾപ്പെടെ എല്ലാ റൗണ്ടുകളിലെയും മാച്ച് ടിക്കറ്റുകൾ ആദ്യ ഘട്ട വിൽപനയിൽ ലഭ്യമാക്കിയിരുന്നു.
ഗ്രൂപ് റൗണ്ടിൽ 25 റിയാൽ മുതൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയെന്നതും കാണികളെ ആകർഷിച്ചു. ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ-ലബനാൻ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റിന് 30 റിയാൽ മുതലാണ് തുടങ്ങുന്നത്.
ടിക്കറ്റിങ് വെബ്സൈറ്റ് സജീവമായ ആദ്യ ദിനങ്ങളിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മണിക്കൂറുകൾ ക്യൂവിൽ നിന്ന ശേഷം മാത്രമേ പലർക്കും ടിക്കറ്റ് വാങ്ങാനുള്ള വിൻഡോയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ, നിലവിൽ ഒരു മത്സരത്തിന്റെയും ടിക്കറ്റുകൾ ലഭ്യമല്ല.
അധികം വൈകാതെ തന്നെ രണ്ടാം ഘട്ട ടിക്കറ്റ് വിൽപനയും ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലോകകപ്പ് ഫുട്ബാൾ മാതൃകയിൽ തുച്ഛമായ കാശ് മുടക്കി വൻകരയിലെ വമ്പന്മാരായ ആസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ വമ്പന്മാരുടെയും സഹലും ആഷിഖും ഉൾപ്പെടെ മലയാളി താരങ്ങൾ അണിനിരക്കുന്ന ഇന്ത്യൻ ടീമിന്റെയും പോരാട്ടങ്ങൾ നേരിട്ടു കാണാനുള്ള അവസരമാണ് ഖത്തറിലെ ഫുട്ബാൾ പ്രേമികൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.