ലണ്ടൻ: ഗണ്ണേഴ്സ് ഗോളി ഡേവിഡ് റായ സൂപ്പർ ഹീറോ ആയ പ്രിമിയർ ലീഗ് ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ്- ആഴ്സനൽ പോരാട്ടം 1-1ന് സമനിലയിൽ. മാന്ത്രിക കരങ്ങളുമായി പോസ്റ്റിനു മുന്നിൽ അതിമാനുഷനെ പോലെ പടർന്നുകയറിയ റായ പലവട്ടം മിന്നും സേവുകളുമായി രക്ഷകനായപ്പോൾ ഓൾഡ് ട്രാഫോഡിൽ യുനൈറ്റഡിന് നഷ്‍ടമായത് കാത്തിരുന്ന ജയം.
ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലുള്ള ലിവർപൂളിനെതിരെ പോരാട്ടം കനപ്പിക്കാനുള്ള ആഴ്സനൽ മോഹങ്ങൾക്കും സമനില തിരിച്ചടിയായി. നിലവിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ള ലിവർപൂളും ആഴ്സനലും തമ്മിൽ 15 പോയന്റ് അകലമുണ്ട്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗണ്ണേഴ്സ് വിലപ്പെട്ട പോയന്റ് നഷ്ടപ്പെടുത്തി പിറകിലാകുന്നത്. ബ്രൂണോ ഫെർണാണ്ടസിന്റെ കണ്ണഞ്ചും ഫ്രീകിക്ക് വലയിലെത്തിച്ച് യുനൈറ്റഡാണ് ലീഡ് പിടിച്ചത്.
മറ്റു മത്സരങ്ങളിൽ ലെസ്റ്ററിനെ എതിരില്ലാത്ത ഒരു ഗോളിന് കടന്ന് ചെൽസി പോയന്റ് പട്ടികയിൽ ആദ്യ നാലിലേക്ക് കയറിയപ്പോൾ രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം അത്രയും തിരിച്ചടിച്ച് ബോൺമൗത്തിനെതിരെ ടോട്ടൻഹാം സമനില പിടിച്ചു. 60ാം മിനിറ്റിൽ മാർക് കുകുറേലയാണ് നീലക്കുപ്പായക്കാർക്കായി വിജയ ഗോൾ കുറിച്ചത്. കഴിഞ്ഞ ദിവസം ലിവർപൂൾ സതാംപ്ടണെ തകർത്തതോടെ ടീം കിരീടത്തിലേക്ക് കൂടുതൽ അടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.