ആഴ്സനൽ തിരിച്ചുവരവ്; ചെൽസിയെ 3-1ന് തോൽപിച്ചു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ ആധികാരിക ജയവുമായി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി ആഴ്സനൽ. ചൊവ്വാഴ്ച രാത്രി സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ 3-1നായിരുന്നു വിജയം. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി വൈകി മാഞ്ചസ്റ്റർ സിറ്റി-വെസ്റ്റ്ഹാം മത്സരം നടക്കാനിരിക്കെ ആഴ്സനലിന്റെ ഒന്നാം സ്ഥാനം ഒട്ടും സുരക്ഷിതമല്ല.

34 മത്സരങ്ങൾ പൂർത്തിയാക്കിയ ഗണ്ണേഴ്സിന് 78ഉം രണ്ടു കളി കുറവിൽ സിറ്റിക്ക് 76ഉം പോയന്റാണുള്ളത്. വെസ്റ്റ്ഹാമിനെ തോൽപിക്കുന്നതിലൂടെത്തന്നെ സിറ്റിക്ക് വീണ്ടും മുന്നിലെത്താം. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡിന്റെ ഇരട്ട ഗോളുകളും പിന്നാലെ ഗബ്രിയേൽ ജീസസ് വലകുലുക്കിയതുമാണ് ആഴ്സനലിന് വിജയമേകിയത്. 18, 31 മിനിറ്റുകളിൽ ഒഡേഗാർഡിന്റെയും 34ൽ ജീസസിന്റെയും ഗോൾ പിറന്നു.

ഗ്രാനിക് സാകയുടെ സഹായത്തോടെയാണ് ഒഡേഗാർഡ് രണ്ടു തവണയും പന്ത് വലയിലെത്തിച്ചത്. 65ാം മിനിറ്റിൽ നോനി മഡ്യൂകെ ചെൽസിക്കായി ഒരു ഗോൾ മടക്കിയത് മാത്രം ആശ്വാസം. അഞ്ചു മത്സരങ്ങളിൽ ആഴ്സനലിന്റെ ആദ്യ ജയമാണിത്. സിറ്റിയോട് 1-4ന് തോറ്റ ടീമിൽ ഗണ്ണേഴ്സ് പരിശീലകൻ മാറ്റങ്ങൾ വരുത്തിയിരുന്നു.

ഗബ്രിയേൽ മാർട്ടിനെലിക്കു പകരം സ്ട്രൈക്കർ ലിയാൻഡ്രോ ട്രൊസാർഡിന്റെ ആദ്യ ഇലവനിൽ പരീക്ഷിച്ചു. ജാകൂബ് കിവിയറിന് മിഡ്ഫീൽഡിലും അവസരം നൽകി. ഇടക്കാല പരിശീലകൻ ഫ്രാങ്ക് ലംപാർഡിനു കീഴിൽ കളിച്ച ആറു മത്സരങ്ങളും ചെൽസി തോറ്റു. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം 33 മത്സരങ്ങളിൽ 39 പോയന്റുമായി നിലവിൽ 12ാമതാണ്.

Tags:    
News Summary - Arsenal return to top of the league with 3-1 win over Chelsea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT