‘ഇത്തവണ കിരീടം ഗണ്ണേഴ്സിനു തന്നെ’- എവർടണെ നാലു ഗോളിന് മുക്കി ആഴ്സണൽ മുന്നോട്ട്

ഈ സീസണിൽ ചെറിയ ഇടവേളയിലൊഴികെ പ്രിമിയർ ലീഗ് ഒന്നാം സ്ഥാനം നിലനിർത്തിപ്പോരുന്ന ആഴ്സണലിന് വീണ്ടും ജയം. കിരീടത്തുടർച്ച കാത്തിരിക്കുന്ന ഇത്തിഹാദുകാരുടെ നെഞ്ചിടിപ്പ് കൂട്ടി, തരംതാഴ്ത്തൽ ഭീഷണിയിലുള്ള എവർടണെയാണ് എതിരില്ലാത്ത നാലു ഗോളിന് ഗണ്ണേഴ്സ് സ്വന്തം മൈതാനത്ത് മുക്കിയത്.

തുടക്കം പിടിച്ചുകെട്ടി ഒപ്പത്തിനൊപ്പം നിൽക്കാൻ എവർടൺ ശ്രമിച്ചതൊഴിച്ചാൽ ഗണ്ണേഴ്സ് മാത്രമായിരുന്നു ചിത്രത്തിൽ. 40ാം മിനിറ്റിൽ സാകയുടെ സീറോ ആംഗിൾ ഗോളി​ൽ തന്നെ കളി തീരുമാനമായതാണ്. അത്രക്കു മനോഹരമായിരുന്നു സിൻചെങ്കോയുടെ പാസും സാകയുടെ ഗോളും. ശരിക്കും ഞെട്ടിയ എവർടൺ നിരരെ തീർത്ത് അഞ്ചു മിനിറ്റിനിടെ അടുത്ത ഗോളുമെത്തി. ഇദ്രീസ ഗയിയുടെ പാസിൽ ഗബ്രിയേൽ മാർടിനെല്ലിയായിരുന്നു ഇത്തവണ വല കുലുക്കിയത്. ഓഫ്സൈഡ് പതാക പൊങ്ങിയെങ്കിലും ‘വാറി’ൽ ഗോൾ അനുവദിച്ചു.

ലിയോനാഡ്രോ ​ട്രോസാർഡിന്റെ പാസിൽ എവർടൺ നായകൻ മാർട്ടിൻ ഓഡീഗാർഡ് വകയായിരുന്നു 71ാം മിനിറ്റിൽ അടുത്ത ഗോൾ. ശരിക്കും നിറംമങ്ങിപ്പോയ സന്ദർശകരെ നിശ്ശൂന്യരാക്കി മാർട്ടിനെല്ലി 10 മിനിറ്റിനിടെ വീണ്ടും ലക്ഷ്യത്തിലെത്തിച്ചു.

കളി നയിച്ച് സാകയും മാർടിനെല്ലിയും നിറഞ്ഞുനിന്ന ദിനത്തിൽ ഗോളും അസിസ്റ്റുമായി 50 തികക്കുന്ന പ്രിമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ മാർടിനെല്ലി. 21ൽ നിൽക്കെയാണ് താരം ഈ അപൂർവ നേട്ടം​ തൊടുന്നത്.

നിലവിൽ 25 കളികളിൽ 60 പോയിന്റുമായി ഗണ്ണേഴ്സ് ഒന്നാമതും അത്രയും മത്സരങ്ങൾ പൂർത്തിയാക്കി 55 പോയിന്റുമായി സിറ്റ രണ്ടാമതും നിൽക്കുകയാണ്. ഒരു കളി കുറച്ചുകളിച്ച് 49 പോയിന്റുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് മൂന്നാമതും 25 കളികളിൽ 45 പോയിന്റുമായി ടോട്ടൻഹാം നാലാമതുമാണ്.

ആറാമതുള്ള ലിവർപൂളിന് 24 മത്സരങ്ങളിൽ 39 പോയിന്റുണ്ട്. തരംതാഴ്ത്തൽ ഭീഷണിയിലുളള എവർടൺ 21 പോയിന്റുമായി 18ാമതാണ്. 

Tags:    
News Summary - Arsenal extended their lead at the top of the Premier League to five points as they thrashed struggling Everton at Emirates Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.