ബ്രസീലിനെ മറികടന്ന് അർജന്‍റീന ഒന്നാമത്; ആറു വർഷത്തിനിടെ ആദ്യം; ഫിഫ റാങ്കിങ്ങിൽ ഫ്രാൻസ് രണ്ടാമത്

ലോക ചാമ്പ്യന്മാരായ അർജന്‍റീന ഫിഫ റാങ്കിങ്ങിൽ ഒന്നാമത്. മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ മറികടന്നാണ് അർജന്‍റീന ആറു വർഷത്തിനിടെ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്.

ഖത്തർ ലോകകപ്പിലെ റണ്ണറപ്പായ ഫ്രാൻസാണ് രണ്ടാമത്. ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. അര്‍ജന്‍റീനക്ക് 1840.93 റേറ്റിങ് പോയന്‍റും രഫ്രാന്‍സിന് 1838.45 റേറ്റിങ് പോയന്‍റുമാണുള്ളത്. 1834.21 റേറ്റിങ് പോയന്‍റാണ് ബ്രസീലിന്.

ഖത്തർ ലോകകപ്പ് വിജയത്തിനു പിന്നാലെ സൗഹൃദ മത്സരങ്ങളില്‍ പനാമ, കുറസാവോ രാജ്യങ്ങൾക്കെതിരെ നേടിയ ജയങ്ങളാണ് അര്‍ജന്‍റീനക്ക് നേട്ടമായത്. ബെല്‍ജിയം (1792.53), ഇംഗ്ലണ്ട് (1792.43) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ചുഗല്‍, സ്പെയിൻ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങൾ.

സൗഹൃദ മത്സരത്തില്‍ മൊറോക്കോയോട് തോറ്റതാണ് ബ്രസീലിന് തിരിച്ചടിയായത്. 6.56 റേറ്റിങ് പോയന്‍റ് ബ്രസീലിന് നഷ്ടമായി. ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോ 11ാം സ്ഥാനത്താണ്. റാങ്കിങ്ങിൽ മുന്നിലുള്ള ആഫ്രിക്കൻ രാജ്യവും മൊറോക്കോ തന്നെയാണ്. മധ്യ ആഫ്രിക്കന്‍ റിപബ്ലിക്കാണ് റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീം. 10 സ്ഥാനം മെച്ചപ്പെടുത്തി 122ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒമ്പത് സ്ഥാനം താഴേക്കിറങ്ങിയ കാമറൂണാണ് കൂടുതല്‍ നഷ്ടമുണ്ടായ ടീം.

പുതിയ റാങ്കിങ്ങില്‍ 42ാമതാണ് കാമറൂണ്‍. നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ 102ാമതാണ്. ആറ് സ്ഥാനം മെച്ചപ്പെടുത്തിയ അല്‍ജീരിയ (34), സ്കോട്‌ലന്‍ഡ് (36), നാലു സ്ഥാനം മെച്ചപ്പെടുത്തിയ ഈജിപ്ത് (35), സെര്‍ബിയ (25), എന്നിവരും നേട്ടമുണ്ടാക്കി. ജൂലൈ 20നാണ് ഫിഫ അടുത്ത റാങ്കിങ് പുറത്തിറക്കുക. യൂറോ കപ്പ് യോഗ്യത പോരാട്ടങ്ങൾ നടക്കുന്നതിനാൽ ഫ്രാന്‍സിന് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ട്.

Tags:    
News Summary - Argentina back on top of FIFA rankings after six-year gap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.