മലപ്പുറം: നിയമനം ലഭിക്കാത്തത് മാനദണ്ഡങ്ങൾ കൊണ്ടാണെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്‍റെ വാദത്തെ മാനിക്കുന്നതായി ഫുട്ബാൾ താരം അനസ എടത്തൊടിക. താൻ ഇന്ത്യൻ ഫുട്ബാൾ ടീമിനുവേണ്ടി കളിച്ചതൊന്നും ജോലിക്കുള്ള മാനദണ്ഡമല്ലെങ്കിൽ നിയമനം വേണമെന്ന് വാശിപിടിക്കുന്നില്ല. പക്ഷേ, അപേക്ഷ കൃത്യ സമയത്ത് എത്തിയില്ലെന്ന് പറയുന്നത് ശരിയല്ല. അവസാന തീയതിക്ക് മുമ്പേ അപേക്ഷിച്ചതിന്റെ രേഖകളുണ്ടെന്നും അനസ് പറഞ്ഞു.
അനസിന് സർക്കാർ നിയമനം നൽകാത്തത് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിക്കാത്തതിനാലാണെന്ന് കായികമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇത് വസ്തുത വിരുദ്ധമാണെന്ന് രേഖകൾ സഹിതം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകി. പിന്നാലെയാണ് അനസ് സർക്കാർ നിയമനത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി രംഗത്തെത്തിയത്. എന്നാൽ, വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് അനസ് പങ്കെടുക്കാത്തതുകൊണ്ടാണ് അപേക്ഷ തള്ളിയതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കരിയറില്‍ സജീവമായിരുന്ന കാലയളവില്‍ അനസ് ജോലിക്ക് അപേക്ഷ നല്‍കിയില്ല. വിരമിക്കുന്ന ഘട്ടത്തിലാണ് അപേക്ഷ നല്‍കിയത്. കായികതാരങ്ങളുടെ മികച്ച പ്രകടനം, സാമ്പത്തികനില, പ്രായം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക പരിഗണനയില്‍ മന്ത്രിസഭാ തീരുമാനപ്രകാരം ജോലി നല്‍കാറുണ്ട്. ഇത്തരത്തില്‍ നിരവധി അപേക്ഷകളാണ് സര്‍ക്കാറിന് ലഭിക്കുന്നത്. ഇക്കൂട്ടത്തില്‍ അനസിന്റെ അപേക്ഷയുമുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിലെ മാനദണ്ഡപ്രകാരം അനസിന് സ്പോർട്സ് ക്വോട്ട നിയമനത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്നും ഇത് മറച്ചുവെച്ച് സർക്കാറിനെ മോശമായി ചിത്രീകരിക്കാൻ കൂട്ടുനിൽക്കുകയാണ് ചില മാധ്യമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘മാധ്യമം’ വാർത്ത വാസ്തവവിരുദ്ധമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
സർക്കാർ സമയപരിധി നിശ്ചയിച്ച സമയത്ത് അനസിന്‍റെ അപേക്ഷ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം മറ്റൊരു ജോലിയിൽ പ്രവേശിച്ചെന്നുമാണ് ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ, സ്പോർട്സ് ക്വോട്ട നിയമനത്തിന് അവസാന തീയതിക്ക് മുമ്പുതന്നെ താരം അപേക്ഷ നൽകിയിരുന്നു. ഇത് വാർത്തയായതിനെതുടർന്നാണ്, യോഗ്യതയില്ലാത്തതിനാലാണ് ജോലി നൽകാത്തതെന്ന മന്ത്രിയുടെ പുതിയ വിശദീകരണം.
മലപ്പുറം: അനസ് എടത്തൊടികയുടെ ജോലി അപേക്ഷയുമായി ബന്ധപ്പെട്ട് മന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞെന്ന ‘മാധ്യമം’ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ടി.വി ഇബ്രാഹിം എം.എൽ.എ. ‘അനസ് എടത്തൊടികക്ക് നിയമന നിഷേധം: മന്ത്രിയുടെ വാദം പൊളിയുന്നു’ എന്ന തലക്കുറിപ്പോടെയാണ് എം.എൽ.എ വാർത്ത പങ്കുവെച്ചത്. അനസ് മറ്റൊരു ജോലിയിൽ പ്രവേശിച്ചു എന്ന് പറഞ്ഞതും കൃത്യസമയത്ത് അപേക്ഷിച്ചില്ലെന്ന് പറഞ്ഞതും കളവാണ്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.