'കട്ട നിരാശ'; മെസ്സി-റൊണാൾഡോ ക്ലാസിക്ക് പോര് കാത്തിരിപ്പ് വിഫലം; റോണോ കളിക്കില്ല

റിയാദ്: ആധുനിക ഫുട്ബാളിലെ രണ്ടു ഇതിഹാസതാരങ്ങളുടെ പോരാട്ടം കാണാൻ കാത്തിരുന്ന സൗദിയിലെ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് റിയാദിൽ നിന്നും വന്നത്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വരുന്ന ഇന്റർമയാമി - അൽ നസ്ർ പോരാട്ടത്തിൽ റൊണാൾഡോ കളിക്കില്ലെന്നാണ് ക്ലബ് അധികൃതർ നൽകുന്ന വിവരം.

പരിക്ക് ഭേദമാകാത്ത സൂപ്പർ താരം വ്യാഴാഴ്ച രാത്രി നടക്കുന്ന ആവേശപോരിനുണ്ടാകില്ലെന്ന് അൽ നസ്ർ കോച്ച് ലൂയിസ് കാസ്ട്രോ സ്ഥിരീകരിച്ചു. കാലിലെ പേശിവലിവ് പൂർണമായി സുഖപ്പെടാത്ത സാഹചര്യത്തിലാണ് സൂപ്പർതാരത്തിന് വിശ്രമം അനുവദിക്കാൻ നിർബന്ധിതരായതെന്ന് കോച്ച് വ്യക്തമാക്കി.

ഫെബ്രുവരിയിൽ 39 വയസ് പൂർത്തിയാകുന്ന റൊണാൾഡോയും ജൂലൈയിൽ 37 തികയുന്ന മെസ്സിയും ലോകഫുട്ബാളിലെ ഏറ്റവും വലിയ രണ്ടു ഐകണുകളാണ്. കരിയറിലെ അവസാനത്തിലേക്ക് നീങ്ങുന്ന ഇവർ തമ്മിൽ നേർക്ക് നേർ വരുന്ന പോരാട്ടം ഇനി കാണാനൊക്കുമോ എന്ന ആരാധകരുടെ ആശങ്കക്കിടെയാണ് റിയാദിൽ ഇരുവരുടെ പുതിയ ക്ലബുകൾ തമ്മിൽ ഒരു സൗഹൃദ പോരാട്ടത്തിന് കളമൊരുങ്ങിയത്.

റിയാദ് സീസൺ കപ്പിൽ മെസ്സിയുടെ ഇന്റർമയാമിക്ക് രണ്ട് മത്സരങ്ങളാണ് റിയാദിലുണ്ടായിരുന്നത്. ആദ്യ മത്സരം സൗദി പ്രൊ ലീഗിലെ ഏറ്റവും കരുത്തരായ അൽ ഹിലാലുമായായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ഹിലാലിന്റെ കരുത്തിനുമുന്നിൽ മെസ്സിയുടെ മയാമി (4-3) കീഴടങ്ങിയിരുന്നു. രണ്ടാം മത്സരം അൽ നസ്റുമായി വ്യാഴാഴ്ചയാണ്. എന്നാൽ, അൽ നസ്റിന്റെ സൂപ്പർ താരമില്ലാത്ത റിയാദിലെ കിങ്ഡം ഓഫ് അറീനയിൽ അർജന്റീനയുടെ ഇതിഹാസം ലയണൽ മെസ്സിയെ കണ്ണു നിറച്ച് കണ്ടു മടങ്ങാം. 


Tags:    
News Summary - Al Nassr’s Cristiano Ronaldo ruled out of blockbuster clash with Lionel Messi’s Inter Miami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.