ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി സൗദി ക്ലബായ അൽ നസ്ർ. പ്ലേ ഓഫ് മത്സരത്തിൽ യു.എ.ഇ ക്ലബായ ശബാബ് അൽ അഹ്‌ലിയെ 4-2ന് തകർത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും യോഗ്യത നേടിയത്.
അവസാന മിനിറ്റുകളിലെ ടീമിന്‍റെ നാടകീയ തിരിച്ചുവരവാണ് അൽ നസ്റിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ക്ലബിന്‍റെ ചരിത്രത്തിലെ വൻ വിജയങ്ങളിലൊന്നാണ് ചൊവ്വാഴ്ച രാത്രി റിയാദിൽ സ്വന്തമാക്കിയത്. നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കെ സൗദി ക്ലബ് 2-1ന് പിന്നിലായിരുന്നു. എന്നാൽ എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ അടിച്ചുകൂട്ടി അൽ നസ്ർ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്.
പ്രോ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ അൽ-നസ്റിന് ഈ ത്രസിപ്പിക്കുന്ന വിജയം വലിയ ആത്മവിശ്വാസമാകും. സൗദിയിൽനിന്നുള്ള അൽ ഹിലാൽ, അൽ ഇത്തിഹാദ്, അൽ ഫൈഹ എന്നീ ക്ലബുകൾ നേരത്തെ തന്നെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു.
മത്സരത്തിന്റെ 11ാം മിനിറ്റിൽ ബ്രസീൽ താരം ആൻഡേഴ്സൺ ടാലിസ്കയിലൂടെ അൻ നസ്റാണ് ആദ്യം ലീഡ് നേടിയത്. 18ാം മിനിറ്റിൽൽ അൽ ഗസ്സാനിയിലൂടെ ശബാബ് ഒപ്പമെത്തി. 46ാം മിനിറ്റിൽ അൽ ഗസ്സാനി ഒരിക്കൽ കൂടി വല കുലുക്കി എമിറാത്തി ക്ലബിനെ മുന്നിലെത്തിച്ചു. പിന്നാലെ ഗോൾ മടക്കാൻ അൽ നസ്ർ താരങ്ങൾ കിണഞ്ഞുശ്രമിച്ചെങ്കിലും ശബാബ് പ്രതിരോധനിരയിൽ തട്ടി നീക്കങ്ങളെല്ലാം വിഫലമായി.
തോൽവിയിലേക്കെന്ന് ഉറപ്പിച്ച സമയത്താണ് 88ാം മിനിറ്റിൽ സുൽത്താൻ അൽ ഗനാമിലൂടെ അൽ നസ്ർ മത്സരത്തിൽ ഒപ്പമെത്തുന്നത്. തുടർന്ന് ഇൻജുറി ടൈമിൽ അൽ നസ്റിന്റെ അത്ഭുത തിരിച്ചുവരവാണ് കണ്ടത്. ഏഴു മിനിറ്റാണ് റഫറി അനുവദിച്ചത്.
95ാം മിനിറ്റിൽ ടാലിസ്കിയിലൂടെ അൽ നസ്ർ മത്സരത്തിൽ ലീഡ് നേടി. 97ാം മിനിനിറ്റിൽ ക്രൊയേഷ്യൻ താരം മാഴ്സെലോ ബ്രൊസോവിച്ചും വല കുലുക്കിയതോടെ അൽ നസ്ർ- 4-2ന് ജയം സ്വന്തമാക്കി. ഇന്റർ മിലാനിൽനിന്ന് സീസണിൽ ക്ലബിലെത്തിയ ബ്രൊസോവിച്ച് ആദ്യമായാണ് ടീമിനായി ഗോൾ നേടുന്നത്.
ഇതോടെ അഞ്ചു തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ക്രിസ്റ്റ്യാനോ ഏഷ്യൻ ഫുട്ബാളിലെ ഒന്നാംനിര ക്ലബ് പോരാട്ടമായ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ആദ്യമായി പന്തുതട്ടും. സെപ്റ്റംബറിലാണ് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച ക്വാലാലംപൂരിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.