സൗദി വേദിയാകുന്ന എ.എഫ്‌.സി അണ്ടർ-23 ചാമ്പ്യൻഷിപ്പ്: ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ജിദ്ദ: 2027-ൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന എ.എഫ്‌.സി ഏഷ്യൻ കപ്പിന് മുന്നോടിയായി 2026-ലെ എ.എഫ്‌.സി അണ്ടർ-23 ചാമ്പ്യൻഷിപ്പിനായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി സംഘാടക സമിതി അറിയിച്ചു. 2026 ജനുവരി ആറ് മുതൽ 24 വരെ റിയാദ്, ജിദ്ദ നഗരങ്ങളിലായാണ് ടൂർണമെന്റ് അരങ്ങേറുന്നത്. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.the-afc.com/en/home.html വഴിയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്.

വൻകരയിലെ 16 പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഏഴാം പതിപ്പിനാണ് സൗദി അറേബ്യ ആദ്യമായി വേദിയാകുന്നത്. ആരാധകർക്ക് കുറഞ്ഞ നിരക്കിൽ മത്സരങ്ങൾ കാണാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. സാധാരണ ടിക്കറ്റിന് 15 റിയാൽ, പ്രീമിയം ടിക്കറ്റിന് 75 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. റിയാദിലും ജിദ്ദയിലുമായി നാല് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ജിദ്ദ പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരവും ഫൈനലും ഉൾപ്പെടെ 10 മത്സരങ്ങൾ നടക്കും. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ സെമി ഫൈനലുകളും ലൂസേഴ്സ് ഫൈനലും ഉൾപ്പെടെ 10 മത്സരങ്ങളും നടക്കും. റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ആറ് മത്സരങ്ങളും അൽ ശബാബ് ക്ലബ് സ്റ്റേഡിയത്തിൽ ആറ് മത്സരങ്ങളും നടക്കും.

ഓൺലൈനിൽ ടിക്കറ്റ് ലഭ്യമാക്കുന്നതിലൂടെ നടപടിക്രമങ്ങൾ ലഘൂകരിക്കാനും കൂടുതൽ ഫുട്ബാൾ ആരാധകരെ സ്റ്റേഡിയങ്ങളിലേക്ക് എത്തിക്കാനും സാധിക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി. 2027ലെ ഏഷ്യൻ കപ്പിനുള്ള സൗദിയുടെ തയാറെടുപ്പുകളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ യുവജന ടൂർണമെന്റ്.

Tags:    
News Summary - AFC U-23 Championship: Ticket sales begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.