കൊവ്‌ലൂണ്‍ (ഹോങ്കോങ്): എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ടിൽ ഹോങ്കോങ്ങിനോട് തോറ്റ് ഇന്ത്യ. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽവി.
ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ജയത്തോടെ ഗ്രൂപ്പ് സിയിൽ നാലു പോയന്‍റുമായി ഹോങ്കോങ് ഒന്നാമതെത്തി. തോൽവിയോടെ ഇന്ത്യയുടെ യോഗ്യത തുലാസിലായി. രണ്ടു മത്സരങ്ങളില്‍ ഒരു സമനിലയും തോൽവിയുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.
ഇൻജുറി ടൈമിന്‍റെ നാലാം മിനിറ്റിൽ (90+4) ബോക്സിനുള്ളിൽ ഹോങ്കോങ് താരം സ്റ്റെഫാൻ പെരേരയെ ഇന്ത്യൻ ഗോൾ കീപ്പർ വിശാൽ കെയ്ത് ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.
കിക്കെടുത്ത പെരേരെ പന്ത് അനായാസം വലയിലാക്കി. ഗോൾരഹിതമായാണ് ഇടവേളക്ക് പിരിഞ്ഞത്. മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. സൂപ്പർ താരം സുനിൽ ഛേത്രിയെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ മനോലോ മാർക്വേസ് ഇന്ത്യൻ ടീമിനെ കളത്തിലിറക്കിയത്. ലാലിയൻസുവല ചാങ്തെയെ കൂടാതെ, മലയാളി താരം അഷിഖ് കുരുണിയൻ, ലിസ്റ്റൻ കൊളാസോ എന്നിവർ മുന്നേറ്റനിരയിൽ അണിനിരന്നു.
മൂന്നാം മിനിറ്റിൽ തന്നെ ഹോങ്കോങ്ങിനെ ആക്രമണം. ബ്ലേഡ റോഡ്രിഗസിന്‍റെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. പിന്നാലെ ഇന്ത്യയും മത്സരത്തിലേക്ക് തിരിച്ചെത്തി. 35ാം മിനിറ്റിൽ ആഷിഖിന് ബോക്സിനുള്ളിൽ സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. കൊളാസോ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് താരം നഷ്ടപ്പെടുത്തിയത്. ഇടവേളക്കുശേഷം ഛേത്രി കളത്തിലിറങ്ങിയെങ്കിലും ഇന്ത്യക്ക് വലകുലുക്കാനായില്ല.
മാർച്ചിൽ നടന്ന ആദ്യ കളിയിൽ ബംഗ്ലാദേശിനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു. നാല് ടീമുകളടങ്ങുന്ന ഗ്രൂപ്പിലെ മറ്റൊരു സംഘം സിംഗപ്പൂരാണ്. ഹോങ്കോങ്ങും സിംഗപ്പൂരും തമ്മിൽ നടന്ന കളിയും സമനിലയിലാണ് കലാശിച്ചത്. ഒക്ടോബർ ഒമ്പതിന് സിംഗപ്പൂരുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.