എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ഫുട്ബാൾ ടീം സിംഗപ്പൂരിൽ പരിശീലനത്തിൽ
സിംഗപ്പൂർ: പുതിയ പരിശീലകൻ ഖാലിദ് ജമീലിന്റെ ആദ്യ ദൗത്യമായിരുന്ന കാഫ നാഷൻസ് കപ്പിൽ മൂന്നാംസ്ഥാനം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഫുട്ബാൾ ടീം എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടങ്ങൾ പുനരാരംഭിക്കുന്നു. ഗ്രൂപ് സിയിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ ബ്ലൂ ടൈഗേഴ്സിന് വ്യാഴാഴ്ച സിംഗപ്പൂരാണ് എതിരാളികൾ.
നിലവിൽ നാല് പോയന്റുമായി ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ടീമിനെ അവരുടെ മണ്ണിൽ നേരിടുകയെന്ന വെല്ലുവിളി മുന്നിലുണ്ട്. രണ്ടു മത്സരങ്ങളിൽ ഒരു പോയന്റ് മാത്രമുള്ള ഇന്ത്യ നാല് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഏറ്റവും അടിയിലാണ്. ഫിഫ റാങ്കിങ്ങിൽ 158ാമതുള്ള സിംഗപ്പൂർ 134ാം സ്ഥാനക്കാർക്ക് അത്ര വലിയ എതിരാളികളല്ലെങ്കിൽക്കൂടി കടുത്ത മത്സരം മുന്നിൽക്കാണണം. ഇനിയുള്ള ഓരോ കളിയും ഇന്ത്യക്ക് നിർണായകമാണുതാനും.
ലഭ്യമായതിൽ മികച്ച സംഘവുമായാണ് ജമീൽ സിംഗപ്പൂരിലേക്ക് പറന്നിരിക്കുന്നത്. കാഫ നാഷൻസ് ടീമിൽനിന്ന് 10 മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വെറ്ററൻ സ്ട്രൈക്കർ സുനിൽ ഛേത്രി ഇടവേളക്കു ശേഷം തിരിച്ചെത്തി. പരിക്ക് ഭേദമായ സ്റ്റാർ ഡിഫൻഡർ സന്ദേശ് ജിങ്കാനും ടീമിലുണ്ട്. മോഹൻ ബഗാനിൽനിന്ന് മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ്, സ്ട്രൈക്കർ ലിസ്റ്റൻ കൊളാസോ, മുംബൈ സിറ്റി താരം ബ്രാണ്ടൻ ഫെർണാണ്ടസ്, ചെന്നൈയിൻ എഫ്.സിയുടെ ഫാറൂഖ് ചൗധരി തുടങ്ങിയവരുമെത്തി.
2022ൽ ഇന്ത്യയും സിംഗപ്പൂരും അവസാനം ഏറ്റുമുട്ടിയപ്പോൾ സമനില ഗോൾ നേടിയ മലയാളി വിങ്ങർ ആഷിഖ് കുരുണിയൻ ടീമിലില്ല. ബംഗ്ലാദേശ്, ഹോങ്കോങ് ടീമുകൾകൂടി അടങ്ങിയതാണ് ഗ്രൂപ് സി. ബംഗ്ലാദേശിനോട് ഗോൾരഹിത സമനില വഴങ്ങിയ ഇന്ത്യ ഹോങ്കോങ്ങിനോട് 0-1ന് തോറ്റിരുന്നു. ഇതെല്ലാം ജമീൽ യുഗത്തിന് മുമ്പുള്ള ചരിത്രമാണ്. ഇന്നത്തേത് മൂന്ന് ടീമുകളുമായും ഓരോ മത്സരം കൂടി കളിക്കാനുണ്ട് ഇന്ത്യക്ക്.
സഹലും ഡിഫൻഡർ മുഹമ്മദ് ഉവൈസുമാണ് ഇന്ത്യൻ ടീമിലെ കേരളീയരെങ്കിൽ സിംഗപ്പൂരിലുമുണ്ട് ഒരു മലയാളി. അവരുടെ നായകനും ഡിഫൻഡറുമായ ഹാരിസ് ഹാറൂൻ ജനിച്ചത് മലയാളികളായ മാതാപിതാക്കളുടെ മകനായാണ്. പരിക്ക് കാരണം ടീമിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന ഹാരിസ് വരുന്നതോടെ ആതിഥേയരുടെ പ്രതിരോധത്തിന് കരുത്തുകൂടും.
വിദേശ ലീഗുകളിൽ കളിക്കുന്ന ഒരുപിടി താരങ്ങളുമുണ്ട് സിംഗപ്പൂരിന്. തായ് ലിഗിലെ ഗോളടി വീരൻ ഇഖ്സാൻ ഫാൻദിയാണ് കൂട്ടത്തിൽ ശ്രദ്ധേയൻ. പോർചുഗലിൽ വിസേല എഫ്.സിക്കായി കളിക്കുന്ന വിങ്ങർ ജൊനാൻ ടാനെ ആദ്യമായി ദേശീയ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. 27 മത്സരങ്ങളിലാണ് ഇന്ത്യയും സിംഗപ്പൂരും ഇതുവരെ ഏറ്റുമുട്ടിയത്. 12ൽ ഇന്ത്യയും 11 സിംഗപ്പൂരും ജയിച്ചപ്പോൾ നാലു മത്സരങ്ങൾ സമനിലയിലായി. ഒക്ടോബർ 14ന് ഗോവയിൽ നടക്കുന്ന ഹോം മാച്ചിൽ ഇവരെ നേരിടാനിരിക്കുകയാണ് ഛേത്രിയും സംഘവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.