സ്റ്റാംഫോഡ് ബ്രിഡ്ജിൽ നീലപ്പടയെ തീർത്ത് റയൽ; നാപോളി കടന്ന് മിലാൻ

ബെർണബ്യുവിൽ വാങ്ങിയ രണ്ടു ഗോൾ സ്വന്തം മൈതാനത്ത് തിരികെ നൽകാമെന്ന ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നവുമായി ഇറങ്ങിയ ചെൽസിയെ അത്രയും ഗോളുകൾ പിന്നെയും അടിച്ചുകയറ്റി കെട്ടുകെട്ടിച്ച് റയൽ മഡ്രിഡ്. സീരി എ ബദ്ധവൈരികൾ തമ്മിലെ ആവേശപ്പോരിൽ എ.സി മിലാനെതിരെ സമനില പിടിച്ചിട്ടും ആദ്യ പാദത്തിൽ വഴങ്ങിയ ഗോളിന് മടക്ക ടിക്കറ്റ് വാങ്ങി നാപോളി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കടന്ന റയൽ മഡ്രിഡിന് അവസാന നാലിൽ കരുത്തരിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയോ ബയേൺ മ്യൂണിക്കോ എതിരാളികളാകുമെങ്കിൽ, രണ്ടാം സെമി മിലാൻ ഡെർബിയായേക്കും.

‘അബ്രമോവിച്ച് ബാധ’ വിടാതെ ചെൽസി

528 കോടിക്ക് അമേരിക്കൻ ഉടമകളായ ടോഡ് ബീലിയും ബെഹ്ദാദ് എഗ്ബാളും കൂട്ടരും അബ്രമോവിച്ചിൽനിന്ന് സ്വന്തമാക്കിയ ശേഷം ഗുണംപിടിച്ചില്ലെന്ന നാണക്കേട് തുടർന്ന് ചെൽസി. കളി തുടങ്ങുംമുമ്പ് ഉടമകൾ ടീം ഡ്രസ്സിങ് റൂമിലെത്തി ആവേശം പകർന്ന ചൊവ്വാഴ്ചയും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. സ്വന്തം കളിമുറ്റമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ പ്ര​തീക്ഷയോ​ടെ ബൂട്ടുകെട്ടിയ സംഘത്തിന്റെ നെഞ്ചു തകർത്ത് കൗമാരക്കാരൻ റോഡ്രിഗോയായിരുന്നു റയലിനായി രണ്ടുവട്ടം ഗോളുകൾ നേടി ഇരുപാദ സ്കോർ 4-0 ആക്കിയത്.

തുടക്കത്തിൽ ലഭിച്ച ഒന്നിലേറെ സുവർണാവസരങ്ങൾ വലയിലെത്തിക്കാൻ മറന്നതിന് ലഭിച്ച ശിക്ഷയായിരുന്നു സ്വന്തം മൈതാനത്തെ തോൽവി. ഗോളിനരികെയെത്തിയ അതി​മനോഹര നീക്കങ്ങളുമായി പലവട്ടം എതിർ ഗോൾമുഖം പരീക്ഷിച്ച ചെൽസി മുന്നേറ്റം പക്ഷേ, പന്ത് ഗോളിയെ കടത്തുന്നതിൽ മാത്രം വിജയിച്ചില്ല.

തൊട്ടുപിറകെ കളിയും പന്തും വരുതിയിലാക്കിയ എതിരാളികൾ കിട്ടിയ അർധാവസരങ്ങൾ വലയിലെത്തിച്ച് ചാമ്പ്യൻസ് ലീഗിൽ തങ്ങൾക്ക് എതിരാളികൾ ഇനി വേറെ വരണമെന്ന പ്രഖ്യാപനവുമായാണ് മടങ്ങിയത്.

എൻഗോളോ കാന്റെയാണ് ആദ്യ അവസരം തുറന്നത്. തിടുക്കത്തിൽ അടിച്ച പന്ത് പക്ഷേ, പുറത്തേക്കാണ് പോയത്. ​പിന്നീട് മാർക് കുകുറെല്യുടെ അടി റയൽ ഗോളി തിബോ കൊർടുവ തടുത്തിട്ടു. അതിനിടെ, വിനീഷ്യസ് ജൂനിയർ തുടക്കമിട്ട പ്രത്യാക്രമണം ഗോളിനരികെയെത്തിയെങ്കിലും റോഡ്രിഗോയുടെ ഷോട്ട് ലക്ഷ്യത്തിനരികിലെത്തി മടങ്ങി. പിന്നീടായിരുന്നു രണ്ടു ഗോളുകൾ. ഒരുവട്ടം വിനീഷ്യസ് അസിസ്റ്റ് നൽകിയപ്പോൾ വെൽവർദെ ആയിരുന്നു അടുത്തതിന് വഴിയൊരുക്കിയത്. ഇനിയൊരു മടക്കമില്ലെന്നറിഞ്ഞ ചെൽസി ആരാധകരിൽ പലരും ഇതോടെ മൈതാനം വിട്ടു. പരിശീലകർ നിരന്തരം മാറിമാറിയെത്തുന്ന ചെൽസിയിൽ നാലു മത്സരങ്ങളിൽ ​ഫ്രാങ്ക് ലംപാഡിന് നാലാം തോൽവിയായി.

മറുവശത്ത്, പരിശീലക പദവിയിൽ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന കാർലോ അഞ്ചലോട്ടിക്ക് ബയേൺ- സിറ്റി പോരാട്ട വിജയികളുമായാകും ഇനി സെമിയിൽ മുഖാമുഖം. ആദ്യ പാദം കാൽഡസൻ ഗോളുകൾക്ക് ജയിച്ച സിറ്റിക്കെതിരെ അദ്ഭുതങ്ങൾ കാട്ടാനായാലേ ബയേണിന് പ്രതീക്ഷയുള്ളൂ.

ചാമ്പ്യൻസ് ലീഗിൽ മിലാൻ ടീമുകളുടെ സെമി?

ഏഴുവട്ടം ചാമ്പ്യൻസ് ലീഗിൽ കിരീടം തൊട്ട ടീമായിട്ടും സമീപ കാലത്തൊന്നും ചിത്രത്തിലില്ലാതായതിന്റെ കടം തീർത്ത് എ.സി മിലാൻ സെമിയിൽ. കരുത്തരായ നാപോളിയെ ഒരു ഗോൾ മാർജിനിൽ കടന്നാണ് (ഇരുപാദങ്ങളിലായി 2-1) ടീം യൂറോപിന്റെ ചാമ്പ്യൻപട്ടത്തിലേക്ക് ഒരു ചുവട് കൂടി വെച്ചത്. ഗോൾവഴി അടച്ചും പരുക്കൻ പ്രകടനം പുറത്തെടുത്തും ഇരുടീമും പ്രതിരോധമുറപ്പിച്ച കളിയിൽ രണ്ടു പെനാൽറ്റികൾ പിറന്നെങ്കിലും ഗോളികൾ തടുത്തിട്ടത് കൗതുകമായി. അതിനിടെയായിരുന്നു മിലാനെ മുന്നിലെത്തിച്ച് ഒളിവർ ജിറൂദ് ഗോൾ നേടുന്നത്. ഒസിംഹെനിലൂടെ നാപോളി ഒരു ഗോൾ മടക്കിയെങ്കിലും അതിന് മുമ്പേ എതിരാളികൾ അവസാന നാല് ഉറപ്പാക്കിയിരുന്നു.

ഇന്റർ മിലാൻ- ബെൻഫിക്ക ക്വാർട്ടർ വിജയികളാകും സെമിയിൽ എതിരാളികൾ. ബെൻഫിക്കയെ അവരുടെ തട്ടകത്തിൽ ഒന്നാം പാദത്തിൽ വീഴ്ത്തിയ ഇന്ററിന് തന്നെയാണ് ബുധനാഴ്ച സാൻ സീറോയിൽ സാധ്യത കുടുതൽ. 

Tags:    
News Summary - AC Milan, Real Madrid advance to Champion's League semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT