ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ; മുഹമ്മദ് അനീസ് പുറത്ത്
യൂജിൻ (യു.എസ്.എ): ലോക് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ലോങ് ജംപിൽ മലയാളി താരം മുരളി ശ്രീശങ്കർ ഫൈനലിൽ. ഹീറ്റ്സിൽ എട്ടു മീറ്റർ ചാടി കടന്നാണ് പാലക്കാട് സ്വദേശിയായ ശ്രീശങ്കർ അവസാന പന്ത്രണ്ടിൽ ഇടംനേടിയത്. അതേസമയം, മറ്റൊരു മലയാളി താരം മുഹമ്മദ് അനീസും (7.73 മീറ്റർ) ജെസ്വിൻ ആൽഡ്രിനും (7.79 മീറ്റർ) ഫൈനൽ കാണാതെ പുറത്തായി.
രണ്ടു ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ 12 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ശ്രീശങ്കർ എട്ടാം സ്ഥാനത്താണ്. ഏഴു പേർ മാത്രമാണ് എട്ടു മീറ്റർ ദൂരം കണ്ടെത്തിയത്. ദേശീയ റെക്കോർഡ് ചാമ്പ്യനായ ശ്രീശങ്കർ കഴിഞ്ഞ ഏപ്രിലിൽ നടന്ന ഫെഡറേഷൻ കപ്പിൽ 8.36 മീറ്റർ ചാടി രണ്ടാമതെത്തിയിരുന്നു. 23കാരനായ ശ്രീശങ്കർ സീസണിൽ സ്ഥിരതയുള്ള പ്രകടനമാണ് നടത്തുന്നത്. ഷോട്ട് പുട്ട് യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ ജീന്ദർ പാൽ സിങ് ടൂറും 3000 മീ. സ്റ്റീപ്പ്ൾ ചേസ് ഹീറ്റ്സിൽ അവിനാശ് സാബ് ലേയും 400 മീ. ഹർഡ്ൽസ് ഹീറ്റ്സിൽ മലയാളി എം.പി ജാബിറും ഇന്നിറങ്ങുന്നുണ്ട്.
ഒളിമ്പിക് ജാവലിൻത്രോ ചാമ്പ്യൻ നീരജ് ചോപ്ര നയിക്കുന്ന 23 അംഗ ഇന്ത്യൻ സംഘം വലിയ പ്രതീക്ഷയിലാണ്. ഷോട്ട്പുട്ട്, ലോങ് ജംപ്, നടത്തം, 400 മീ. ഹർഡ്ൽസ്, ട്രിപ്ൾ ജംപ്, 3000 മീറ്റർ സ്റ്റീപ്ൾ ചേസ്, 200 മീ. ഓട്ടം, 4×400 മീ. റിലേ തുടങ്ങിയ ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.