14 വയസ്സിന് മുകളിലുള്ള ആൺകുട്ടികളുടെ 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടുന്ന ടി.സി. മുഹമ്മദ് ഷമ്മാസും ഗൈഡ് റണ്ണർ പി. മുഹമ്മദ് ഹിനാസും
കണ്ണീരിൽ കുരുത്തു, അതിജീവനക്കരുത്ത്; വിധി ചാർത്തിയ ഇരുട്ടിനെയും സംഘാടകരുടെ അനാസ്ഥയെയും തോൽപ്പിച്ച് ഷമ്മാസ്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസിവ് വിഭാഗം 100 മീറ്റർ ഓട്ടത്തിൽ ഒന്നാമനായി ഫിനിഷിങ് ലൈൻ മുറിച്ചുകടന്ന നിമിഷം, ആ കൗമാരക്കാരൻ ട്രാക്കിൽനിന്നുയർത്തിയ ആഹ്ലാദം വലിയൊരു അലർച്ചയായി മാറി.
വിധി തനിക്കുമേൽ ചാർത്തിയ ഇരുട്ടിനെയും കഴിഞ്ഞവർഷം സംഘാടകരുടെ അനാസ്ഥ നെഞ്ചിലേക്ക് കോരിയിട്ട എരിച്ചിലിനെയും ഒരുപോലെ പിഴുതെറിഞ്ഞ മനോഹര വിജയാഘോഷം. ആ ശബ്ദത്തിൽ സന്തോഷത്തിന്റെ പ്രകമ്പനം മാത്രമല്ല, തോറ്റുകൊടുക്കാൻ തയാറല്ലാത്ത പോരാളിയുടെ അതിജീവനത്തിന്റെ കരുത്തുമുണ്ടായിരുന്നു.
കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ ട്രാക്കിൽ ഹീറ്റ്സിൽ എല്ലാവരെയും പിന്നിലാക്കി വിജയത്തിലേക്കുപാഞ്ഞ ഷമ്മാസിനെ കേരളം മറന്നിട്ടുണ്ടാവില്ല. കൈകളിൽ ബന്ധിച്ച നിലവാരമില്ലാത്ത റണ്ണിങ് റ്റെതർ പൊട്ടി വേഗത നഷ്ടപ്പെട്ട്, റീ-റേസിൽ ഗൈഡ് റണ്ണറായ അനുജൻ സിനാന് പരിക്കേറ്റ്, ഒടുവിൽ ഉറപ്പിച്ച മെഡൽ കൈവിട്ട് കണ്ണീരോടെ മടങ്ങേണ്ടിവന്ന ആ 16കാരൻ.
മത്സരത്തിനുമുമ്പേ ഉപ്പ സാദിഖ് ചൂണ്ടിക്കാണിച്ച അപാകത അധികാരികൾ ചെവിക്കൊണ്ടിരുന്നെങ്കിൽ അന്ന് അടിയറവ് വെക്കേണ്ടിവരുമായിരുന്നില്ല. എങ്കിലും, മെഡലില്ലാതെ തലയുയർത്തി മടങ്ങുമ്പോൾ കൂടെയുള്ളവർക്കുവേണ്ടി ശബ്ദമുയർത്താൻ കഴിഞ്ഞല്ലോ എന്ന തൃപ്തി മാത്രമായിരുന്നു അന്ന് ആ കുടുംബത്തിന് കൂട്ട്.
പക്ഷേ, ആ കണ്ണീരിൽ ഒലിച്ചുപോകുന്നതായിരുന്നില്ല താനൂർ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ഷമ്മാസിന്റെ നിശ്ചയദാർഢ്യം. ജന്മനാ 60 ശതമാനം കാഴ്ചപരിമിതിയുള്ള അവൻ, മത്സ്യത്തൊഴിലാളിയായ ഉപ്പ സാദിഖിന്റെയും ഉമ്മ ആയിശ മോളുടെയും പ്രാർഥന കൈമുതലാക്കി പ്രതിസന്ധികളിൽ തളരാത്ത വീര്യം വഹിച്ച് ഒരു വർഷം മുഴുവൻ ആ കണ്ണീരിന് മുകളിൽ കഠിനാധ്വാനം ചെയ്തു.
തന്നിൽനിന്ന് തട്ടിയകറ്റപ്പെട്ട ആ വിജയകിരീടം തിരിച്ചുപിടിക്കാൻതന്നെ അവൻ തീരുമാനിച്ചു.ഇത്തവണ കോഴിക്കോടിന്റെ മണ്ണിൽ, താനൂർ എസ്.എം.എം.എച്ച്.എസ്.എസിലെ പി. മുഹമ്മദ് ഹിനാസ് എന്ന ഗൈഡ് റണ്ണറുടെ കൈകൾ മുറുകെപ്പിടിച്ച് ട്രാക്കിലിറങ്ങുമ്പോൾ ഷമ്മാസിന്റെയുള്ളിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.
വിസിൽ മുഴങ്ങിയതും ഇരുവരും ട്രാക്കിലേക്ക് പാഞ്ഞു. 11.90 സെക്കൻഡെന്ന മിന്നൽ വേഗത്തിൽ ഫിനിഷിങ് പോയന്റ് മുറിച്ചുകടന്നതും ഉള്ളിൽ അടക്കിവെച്ച സങ്കടങ്ങളും വിജയാഹ്ലാദവും പുറത്തേക്ക് ഇരച്ചെത്തിയപ്പോൾ ഷമ്മാസ് പൊട്ടിക്കരഞ്ഞുകൊണ്ട് അലറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.