യൂറോപ്പ ലീഗ് കിരീടവുമായി ആസ്റ്റൻ വില്ല താരങ്ങൾ
ഇസ്തംബൂൾ (തുർക്കിയ): മൂന്ന് പതിറ്റാണ്ടിന്റെ കിരീട ദാരിദ്ര്യം തീർത്ത് യൂറോപ്പ ലീഗ് ട്രോഫിയിൽ മുത്തമിട്ട് ആസ്റ്റൻ വില്ല. തുപ്രാസ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ജർമൻ ക്ലബായ ഫ്രൈബർഗിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാർ തോൽപിച്ചത്. വില്ല യൂറോപ്പ ലീഗ് ചാമ്പ്യന്മാരാവുന്നത് ചരിത്രത്തിലാദ്യം. 1996ന് ശേഷം പ്രധാന കിരീടങ്ങളൊന്നും വില്ലക്ക് നേടാനായിരുന്നില്ല.
ആദ്യ പകുതിയിൽ വില്ല ആക്രമണം കനപ്പിച്ചപ്പോൾ ഫ്രൈബർഗ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. 40ാം മിനിറ്റിൽ സമീപകാല ഫുട്ബാളിലെ ഗംഭീര ഗോളുകളിലൊന്ന് പിറന്നു. വില്ലയുടെ കോർണർ കിക്ക് തന്ത്രത്തിൽനിന്നായിരുന്നു ഗോൾ. ലൂക്കാസ് ഡീഗ്നെ നൽകിയ ഷോർട്ട് പാസ് മോർഗൻ റോജേഴ്സ് സ്വീകരിച്ചു. റോജേഴ്സ് ബോക്സിനരികിലേക്ക് ഉയർത്തി നൽകിയ പന്ത്, പാഞ്ഞെത്തിയ യൂറി ടീലമൻസ് മനോഹരമായ വലങ്കാലൻ വോളിയിലൂടെ ഫ്രൈബർഗ് ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിലേക്ക് പറത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ, ക്യാപ്റ്റൻ ജോൺ മക്ഗിൻ വക ബോക്സിനടുത്ത് നിന്ന എമിലിയാനോ ബുയെൻഡിയക്ക് കൃത്യതയാർന്ന പാസ്. പന്ത് നിയന്ത്രണത്തിലാക്കിയ ബുയെൻഡിയ, ഡിഫൻഡറെ വെട്ടിച്ച് ബോക്സിന് പുറത്തുനിന്ന് തൊടുത്ത കേളിങ് ഇടങ്കാലൻ ഷോട്ട് പോസ്റ്റിന്റെ ടോപ് കോർണറിലേക്ക് തുളച്ചുകയറി.
രണ്ടാം പകുതി തുടങ്ങിയ 57ാം മിനിറ്റിൽ ബുയെൻഡിയ ഇടതുവശത്തുനിന്ന് ഫ്രൈബർഗ് പ്രതിരോധം തകർത്ത് ഗോൾ പോസ്റ്റിന് മുന്നിലേക്ക് ഷാർപ് ക്രോസ് നൽകി.
കൃത്യസമയത്ത് മുന്നോട്ട് കുതിച്ച റോഴ്സ്, പ്രതിരോധനിരയെ മറികടന്ന് പന്ത് സ്ലൈഡ് ചെയ്ത് വലയിലേക്ക് തള്ളിവിട്ടു. ഗോൾ മടക്കാനുള്ള ഫ്രൈബർഗിന്റെ ചില ഒറ്റപ്പെട്ട ശ്രമങ്ങൾ വില്ല ഡിഫൻഡർമാരും വല കാത്ത എമിലിയാനോ മാർട്ടിനസും ചെറുത്തു. 1982ൽ യൂറോപ്യൻ കപ്പ് നേടിയതാണ് വില്ലയുടെ ഏറ്റവും ഒടുവിലത്തെ വൻകര കിരീടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.