സജന സജീവൻ 25 പന്തിൽ 45; മുംബൈക്കെതിരെ ബംഗളൂരുവിന് 155 റൺസ് ലക്ഷ്യം

മുംബൈ: വിമൻസ് പ്രീമിയർ ലീഗിലെ (ഡബ്ല്യു.പി.എൽ) ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് ജയിക്കാൻ 154 റൺസ്. ആദ്യം ബാറ്റുചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 25 പന്തിൽ 45 റൺസടിച്ച മലയാളി താരം സജന സജീവനാണ് മുംബൈയുടെ ടോപ്സ്കോറർ. 29 പന്തിൽ 40 റൺസെടുത്ത നികോള കാരി, 28 പന്തിൽ 32 റൺസ് നേടിയ ഗുണലാൻ കമാലിനി, 17 പന്തിൽ 20 റൺസെടുത്ത നായിക ഹർമൻപ്രീത് കൗർ എന്നിവരും തിളങ്ങി.

ഒരു ഘട്ടത്തിൽ നാലിന് 67 എന്ന നിലയിൽ പതറിയ മുംബൈയെ അഞ്ചാം വിക്കറ്റിൽ 49 പന്തിൽ 82 റൺസ് കൂട്ടുകെട്ടുയർത്തിയ സജനയും കാരിയും ചേർന്നാണ് കരകയറ്റിയത്. ഒരു സിക്സും ഏഴ് ബൗണ്ടറിയുമടങ്ങിയതായിരുന്നു സജനയുടെ ഇന്നിങ്സ്. കാരി നാല് ഫോറടിച്ചു. ബംഗളൂരുവിനായി നഡൈൻ ഡിക്ലർക്ക് നാല് ഓവറിൽ 26 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. ലോറെൻ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതമെടുത്തു.

ടോസ് നേടിയ ബംഗളൂരു മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അമേലിയ കെറും കമാലിനിയുമാണ് മുംബൈക്കായി ഇന്നിങ്സ് തുടങ്ങിയത്. ബെല്ലിന്റെ ആദ്യ ഓവർ മെയ്ഡനായിരുന്നു. ആറു പന്തിലും കെറിന് റണ്ണെടുക്കാനായില്ല. എന്നാൽ, കമാലിനി താളം കണ്ടെത്തിയതോടെ സ്കോർ ബോർഡ് പതുക്കെയെങ്കിലും ചലിച്ചുതുടങ്ങി. ഫോം കണ്ടെത്താൻ വിഷമിച്ച കെർ അഞ്ചാം ഓവറിൽ മടങ്ങി. 15 പന്തിൽ നാല് റൺസ് മാത്രമെടുത്ത കിവീ താരത്തെ ബെല്ലിന്റെ പന്തിൽ അരുന്ധതി റെഡ്ഡി പിടികൂടുകയായിരുന്നു.

പിറകെയെത്തിയ ഇംഗ്ലീഷ് സൂപ്പർ താരം നാറ്റ് സ്കൈവർ ബ്രന്റ് ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും പെട്ടെന്ന് വീണു. നഡൈൻ ഡിക്ലർക്കിന്റെ പന്തിൽ റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. രണ്ടിന് 35 എന്ന എന്ന സ്കോറിൽ ഹർമൻപ്രീത്, കമാലിനിക്കൊപ്പം ചേർന്നതോടെ മുംബൈ സ്കോറിന് ജീവൻവെച്ചു. എന്നാൽ, ഇരുവരും അടുത്തടുത്ത് മടങ്ങിയത് അവർക്ക് തിരിച്ചടിയായി. കമാലിനി ശ്രേയങ്കയുടെ പന്തിൽ ബൗൾഡായപ്പോൾ ഹർമൻപ്രീതിനെ ക്ലാർക്കിന്റെ പന്തിൽ വിക്കറ്റിന് പിറകിൽ ഘോഷ് പിടികൂടി. തുടർന്നായിരുന്നു സജനയും കാരിയും ഒത്തുചേർന്നത്. ആക്രമണാത്മ ബാറ്റിങ്ങുമായി ഇരുവരും കത്തിക്കയറിയപ്പോൾ 11 ഓവറിൽ 67 റൺസ് മാത്രമുണ്ടായിരുന്ന മുംബൈ സ്കോർ 20 ഓവറിൽ 150 കടന്നു. ഡിക്ലാർക്ക് എറിഞ്ഞ അവസാന ഓവറിലാണ് ഇരുവരും പുറത്തായത്.

Tags:    
News Summary - WPL begins: Mumbai Indians vs Royal Challengers Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.