ഓസീസിനെതിരായ മൂന്നാം ടെസ്റ്റിലെ തോൽവിയോടെ മുൾമുനയിൽനിന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഒടുവിൽ ഉറപ്പാക്കി ഇന്ത്യ. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ അവസാന പന്തു വരെ നീണ്ട ആവേശത്തിനൊടുവിൽ ശ്രീലങ്ക രണ്ടു വിക്കറ്റിന് വീണതോടെയാണ് ടീം ഇന്ത്യ കാത്തിരുന്ന പോരാട്ടത്തിലേക്ക് ടിക്കറ്റുറപ്പാക്കിയത്. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ലോർഡ്സ് മൈതാനത്താകും ആസ്ട്രേലിയ- ഇന്ത്യ ഫൈനൽ. ടെസ്റ്റിലെ ലോക പോര് ആരംഭിച്ച ശേഷം തുടർച്ചയായ രണ്ടാം തവണയും കലാശപ്പോര് കളിക്കുന്നുവെന്നതാണ് ഇന്ത്യൻ സവിശേഷതയെങ്കിൽ ഓസീസിനിത് കന്നിപ്പോരാട്ടമാണ്. ആദ്യ തവണ ജേതാക്കളായ ന്യൂസിലൻഡ് ഇത്തവണ നേരത്തെ പുറത്തായിരുന്നു.
ആസ്ട്രേലിയ നേരത്തെ ഉറപ്പാക്കിയ ഫൈനൽ യോഗ്യത നേടാൻ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ അവസാന ടെസ്റ്റ് ഇന്ത്യ ജയിക്കണമെന്നായിരുന്നുവെങ്കിലും ഒപ്പം പോർമുഖത്തുണ്ടായിരുന്ന ശ്രീലങ്ക പരാജയം നേരിട്ടതാണ് ഇന്ത്യക്ക് തുണയായത്. ക്രൈസ്റ്റ്ചർച്ചിൽ നാടകീയത നിറഞ്ഞുനിന്ന ടെസ്റ്റിൽ സമീപകാലത്തെ സമാനതകളില്ലാത്ത വിജയങ്ങളിലൊന്ന് സ്വന്തമാക്കിയാണ് കിവികൾ ലങ്കൻ മോഹങ്ങൾ തല്ലിക്കെടുത്തിയത്. സ്കോർ ശ്രീലങ്ക: 355 & 302, ന്യുസിലൻഡ്: 373 & 285/8
ഇന്ത്യക്കു നിർണായകമായ നാലാം ടെസ്റ്റ് സമനിലയിൽ അവസാനിക്കാനാണ് സാധ്യത. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ ഇരുടീമും മികച്ച ബാറ്റിങ്ങുമായി ബൗളർമാരെ കണക്കിന് ശിക്ഷിക്കുന്നതാണ് കാഴ്ച. അഞ്ചാം ദിവസം 51 ഓവർ പൂർത്തിയാക്കിയ ഓസീസ് ഒരു വിക്കറ്റിന് 123 റൺസ് എന്ന നിലയിലാണ്. ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ സന്ദർശകർക്ക് 32 റൺസ് ലീഡുണ്ട്. സമനില നേടിയാൽ ഇന്ത്യ 58.80 പോയിന്റ് ശരാശരിയിലെത്തുമ്പോൾ അവസാന ടെസ്റ്റ ജയിച്ചാലും ശ്രീലങ്ക 52.78 ശരാശരിയിലേ എത്തൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.