ഓസീസ് യോഗ്യത ഉറപ്പാക്കിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ...

ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പര ആവേശകരമായ അന്ത്യത്തിലേക്ക് നീട്ടി മൂന്നാം ടെസ്റ്റിൽ ഓസീസ് ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഉറപ്പാക്കുന്ന ആദ്യ രാജ്യമായും അവർ മാറി. 18 കളികളിൽ 11ാം ജയവുമായാണ് സ്റ്റീവ് സ്മിത്തിന്റെ നായകത്വത്തിൽ ടീം ആസ്ട്രേലിയ ടെസ്റ്റ് ലോക കിരീടത്തിലേക്ക് ഒരു ചുവട് അരികെയെത്തിയത്. ഒമ്പതു വിക്കറ്റിനായിരുന്നു ഓസീസ് വിജയം.

എന്നാൽ, ഒരു ജയം മാത്രം അകലെ നിന്ന ഇന്ത്യ ഒമ്പതു വിക്കറ്റ് തോൽവിയോടെ പോയിന്റ് ശരാശരിയിൽ പിറകോട്ടു പോയതിനൊപ്പം കാത്തിരിക്കുക ​കൂടി വേണമെന്നായി. കളി തുടങ്ങും മുമ്പ് 64.06 പോയിന്റ് ശരാശരിയിലായിരുന്നു ഇന്ത്യ. എന്നാൽ, 17 ടെസ്റ്റിൽ അഞ്ചാം തോൽവി വഴങ്ങിയതോടെ ശരാശരി 60.29 ലേക്കിറങ്ങി. അടുത്ത ടെസ്റ്റ് ജയിച്ചാൽ യോഗ്യത പോരാട്ടത്തിൽ ഒപ്പമുള്ള ശ്രീലങ്കയുടെ മത്സരഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് യോഗ്യത ഉറപ്പിക്കാം. 62.5 ശരാശരിയിലെത്താമെന്നതാണ് നേട്ടം. ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ശ്രീലങ്കക്ക് പരമാവധി നേടാവുന്ന ശരാശരി 61.11 ആണ്.

അതേ സമയം, അവസാന ടെസ്റ്റിലും തോൽവിയോ സമനിലയോ ആണ് ഫലമെങ്കിൽ പരമാവധി 127 പോയിന്റും 58.79 ശരാശരിയുമാകും ഇന്ത്യക്ക്. ന്യൂസിലൻഡിനെ രണ്ടു ടെസ്റ്റിലും വീഴ്ത്തി 61.11 ശരാശരി നേടാനായാൽ മാത്രം അപ്പോൾ ശ്രീലങ്ക ഫൈനലിലെത്തും.

ഏറ്റവും മികച്ച ശരാശരിയുള്ള രണ്ടു ടീമുകളാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുകയെന്നതിനാൽ എന്തു വില നൽകിയും അവസാന മത്സരം ജയിക്കാനാകും ഇന്ത്യൻ ശ്രമം. ഇതിനകം ഓസീസ് 18 ടെസ്റ്റുകൾ പൂർത്തിയാക്കിയപ്പോൾ ഇന്ത്യ 17ഉം ശ്രീലങ്ക 10ഉം ദക്ഷിണാഫ്രിക്ക 14ഉം ടെസ്റ്റുകളാണ് പൂർത്തിയാക്കിയത്. മത്സരങ്ങളുടെ എണ്ണം വ്യത്യാസപ്പെടുന്നതിനാൽ ശരാശരിയാകും പരിഗണിക്കുക.

നിലവിൽ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, വെസ്റ്റിൻഡീസ്, ന്യുസിലൻഡ് ടീമുകൾ നേരത്തെ പുറത്തായിട്ടുണ്ട്. ന്യൂസിലൻഡിൽ നടന്ന ആദ്യ ​ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി ആതിഥേയരായിരുന്നു ജേതാക്കൾ. 

Tags:    
News Summary - World Test Championship: India drops PCT, Australia qualifies for WTC final with Indore win; qualification scenarios

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.