വിശാഖപട്ടണം: വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കടുത്ത പരീക്ഷണം. നിലവിലെ ജേതാക്കളായ ആസ്ട്രേലിയയെ ആണ് ആതിഥേയർക്ക് എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തിൽ നേരിടേണ്ടത്. ആദ്യ രണ്ടു മത്സരങ്ങളിൽ ജയം നേടിയ ഇന്ത്യ മൂന്നാം കളിയിൽ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. ആസ്ട്രേലിയ മൂന്നു കളികളിൽ രണ്ടു വിജയം സ്വന്തമാക്കിയപ്പോൾ ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു.
ഓസീസിനെതിരെ ഇറങ്ങുമ്പോൾ സൂപ്പർ താരം സ്മൃതി മന്ദാനയുടെ ഫോം ആയിരിക്കും ഇന്ത്യ ഉറ്റുനോക്കുന്ന ഘടകം. ലോകകപ്പിന് തൊട്ടുമുമ്പുവരെ തകർപ്പൻ ഫോമിലോയിരുന്ന ഇടംകൈയൻ ബാറ്റർ ലോകകപ്പിൽ പക്ഷേ ഇതുവരെ തിളങ്ങിയിട്ടില്ല. ലോകകപ്പിന് മുമ്പുള്ള 14 ഇന്നിങ്സുകളിൽ 66 റൺ ശരാശരിയിൽ 928 റൺസടിച്ച സ്മൃതി ലോകകപ്പിലെ മൂന്നു കളികളിൽ 18 റൺ ശരാശരിയിൽ 54 റൺസ് മാത്രമാണ് സ്കോർ ചെയ്തത്. എന്നാൽ, ഓസീസിനെതിരെ സ്മൃതിയുടെ റെക്കോഡ് മികച്ചതാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ പകരുന്ന കാര്യമാണ്. 48.21 റൺ ശരാശരിയിൽ നാലു സെഞ്ച്വറിയടക്കം 916 റൺസുണ്ട് ആസ്ട്രേലിയക്കെതിരെ താരത്തിന്റെ അക്കൗണ്ടിൽ. സ്മൃതിക്കൊപ്പം നായിക ഹർമൻപ്രീത് കൗറിന്റെയും ജമീമ റോഡ്രിഗ്വസിന്റെയും ബാറ്റിലേക്കും ഇന്ത്യ പ്രത്യാശയോടെ നോക്കുന്നു.
ആറാം ബൗളറെ കളത്തിലിറക്കണോ എന്നതും ഇന്ത്യയെ കുഴക്കുന്ന ചോദ്യമാണ്. കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ നഡൈൻ ഡി ക്ലർക്കിന്റെ കടന്നാക്രമണത്തിൽ ഇന്ത്യ തോറ്റപ്പോൾ ആറാം ബൗളറില്ലാത്തതിന്റെ ദൗർബല്യം പ്രകടമായിരുന്നു. അലീസ ഹീലി, ആഷ് ലീഗ് ഗാർഡ്നർ, ബെത്ത് മൂണി, എല്ലിസ് പെറി തുടങ്ങിയ മികച്ച ബാറ്റർമാരടങ്ങിയതാണ് ഒസീസ് നിരയെന്നതുകൊണ്ടുതന്നെ ഒരു ബാറ്ററെ ത്യജിച്ച് ആറാം ബൗളറെ കളിപ്പിക്കുന്ന കാര്യം ടീം ആലോചിക്കുന്നുണ്ട്.
ടീം-ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, പ്രതിക റാവൽ, ഹർലീൻ ദിയോൾ, ജമീമ റോഡ്രിഗ്വസ്, റിച്ച ഘോഷ്, ഉമ ഛേത്രി, രേണുക ഠാകൂർ, ദീപ്തി ശർമ, സ്നേഹ് റാണ, ശ്രീ ചരണി, രാധ യാദവ്, അമൻജോത് കൗർ, അരുദ്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്.
ആസ്ട്രേലിയ: അലീസ ഹീലി (ക്യാപ്റ്റൻ), ഡാർസി ബ്രൗൺ, ആഷ് ലീഗ് ഗാർഡ്നർ, കിം ഗാർത്ത്, ഹീതർ ഗ്രഹാം, അലാന കിങ്, ഫോബെ ലീച്ഫീൽഡ്, തഹലിയ മഗ്രാത്ത്, സോഫി മോലിന്യൂ, ബെത്ത് മൂണി, എല്ലിസ് പെറി, മേഗൻ സ്കട്ട്, അന്നബേൽ സതർലാൻഡ്, ജോർജിയ വോൾ, ജോർജിയ വെയർഹാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.