തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരവും വേദിയാകും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഐ.പി.എല്‍ കിരീടം നേടിയ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സിന്റെ ആഘോഷ പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റം. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ പൂര്‍ണമായി തിരുവനന്തപുരത്തേക്ക് മാറ്റുകയാണെങ്കില്‍ വനിത ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിനും ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്. ഒക്ടോബര്‍ മൂന്നിനുള്ള ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടത്തിനും ഒക്ടോബര്‍ 26ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിനും തിരുവനന്തപുരം വേദിയാകും. ഒക്ടോബര്‍ 30ന് നടക്കുന്ന രണ്ടാം സെമിഫൈനലിനും രണ്ട് സന്നാഹ മത്സരങ്ങൾക്കും തലസ്ഥാനം വേദിയാകുമെന്നാണ് വിവരം. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാക്കിസ്താന്, ബംഗ്ലാദേശ്, ആസ്ട്രേലിയ ടീമുകളാണ് വനിത ലോകകപ്പില്‍ മത്സരിക്കുന്നത്. പാക്കിസ്താന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക.
നേരത്തെ ലോകകപ്പ് പ്രാഥമിക പട്ടികയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇടംപിടിച്ചിരുന്നെങ്കിലും സ്റ്റേഡിയം പരിപാലനത്തിലെ വീഴ്ചയെ തുടർന്ന് വേദി നഷ്ടമാവുകയായിരുന്നു. പരിപാലനത്തില്‍ കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡ് (കെ.എസ്.എഫ്.എല്‍) വരുത്തിയ വീഴ്ചയായിരുന്നു കാരണം. ഈ മാസം 21ന് ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിനോട് അനുബന്ധിച്ച് സ്റ്റേഡിയവും പിച്ചും ഫ്ലഡ് ലൈറ്റ് സംവിധാനങ്ങളും അസോസിയേഷൻ മുൻകൈയെടുത്ത് നവീകരിച്ചു. തുടർന്ന് ലോകകപ്പ് നടത്താൻ താൽപര്യം അറിയിച്ച് കെ.സി.എ വീണ്ടും ബി.സി.സി.ഐയെയും ഐ.സി.സിയെയും സമീപിച്ചതോടെയാണ് അവസരം ലഭിച്ചത്.
ഒക്ടോബർ 30 വരെയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്ക് തുറന്നുകൊടുക്കുന്നത്. ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന പ്രതീക്ഷ കായികമന്ത്രി വി. അബ്ദുറഹിമാനും സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് ലിമിറ്റിഡും ഇപ്പോഴും കൈവിട്ടിട്ടില്ല. അപ്പോൾപ്പിന്നെ മെസ്സി എവിടെ കളിക്കുമെന്ന ചോദ്യം പ്രസക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.