മാഞ്ചസ്റ്റർ: ഋഷഭ് പന്തിന്റെ സെഞ്ച്വറിയും ഹർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് പ്രകടനവുമാണ് ഇന്ത്യക്ക് പരമ്പര വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷുകാർ കുറിച്ച 260 റൺസ് ലക്ഷ്യം സന്ദർശകർ 42.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഋഷഭ് പന്ത് പുറത്താവാതെ 113 പന്തിൽ 125 റൺസെടുത്തു. താരത്തിന്‍റെ ഏകദിന മത്സരത്തിലെ ആദ്യ സെഞ്ച്വറിയാണിത്. ഒരുഘട്ടത്തിൽ കൈവിട്ട കളി പന്തിന്‍റെയും ഹാർദികിന്‍റെയും ബാറ്റിങ് മികവിലൂടെയാണ് ഇന്ത്യ തിരിച്ചുപിടിച്ചത്. നിർണായക മത്സരത്തിൽ വിജയശിൽപി ആയതിന്‍റെ സന്തോഷത്തിലാണ് താരം. ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന മത്സരമായിരിക്കും ഇതെന്നും താരം പിന്നീട് പ്രതികരിച്ചു.
'എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഈ പ്രകടനം ഓർത്തിരിക്കും. ഞാൻ ബാറ്റ് ചെയ്യുമ്പോൾ പന്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ടീം സമ്മർദത്തിലാകുമ്പോഴും ടീമിന്‍റെ പ്രകടനം മോശമാകുമ്പോഴും, ഞാൻ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു' -പന്ത് പറഞ്ഞു. മത്സരശേഷം ക്യാപ്റ്റൻ രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും പന്തിന്‍റെ പ്രകടനത്തെ പ്രശംസിച്ചു രംഗത്തുവന്നു.
അവന്റെ കഴിവ് എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഒടുവിൽ ഇന്ന് അവൻ സാഹചര്യത്തിനൊത്ത് കളിച്ചു. കൂട്ടുകെട്ട് കളിയെ മാറ്റിമറിച്ചു. അദ്ദേഹം കളി പൂർത്തിയാക്കിയ രീതിയും പ്രത്യേകതയുള്ളതായിരുന്നു -ഹാർദിക് പ്രതികരിച്ചു.
ഇന്ത്യ നാലിന് 72 റൺസെന്ന നിലയിൽ നിൽക്കെയാണ് പന്തും പാണ്ഡ്യയും ക്രീസിൽ ഒരുമിക്കുന്നത്. പിന്നാലെ ടീമിനെ വിജയത്തീരം എത്തിച്ചതിനുശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 133 റൺസാണ്. ഇതാണ് കളിയിൽ നിർണായകമായതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.