‘ഇതാരാ പുതിയ വാട്ടർ ബോയ്​?’ വെള്ളക്കുപ്പിയുമായി കോഹ്‍ലിയുടെ ഓട്ടം കണ്ട് ചിരിച്ച് ആരാധകർ -Video

കൊളംബോ: ആരാധകരെ ആവേശത്തിലാക്കുന്നതിനുള്ള ഒരവസരവും ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലി പാഴാക്കാറില്ല. കളത്തിനകത്തായാലും പുറത്തായാലും താരത്തിന്റെ ചില ‘കളികൾ’ ക്രിക്കറ്റ് ആരാധകർ സമൂഹ മാധ്യമങ്ങളിലും മറ്റും ആഘോഷമാക്കാറുണ്ട്. ഏഷ്യാ കപ്പിലെ ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ ഫോർ പോരാട്ടത്തിൽ ‘വാട്ടർ ബോയ്’യുടെ വേഷത്തിൽ ഗ്രൗണ്ടിലേ​ക്കോടുന്നയാളെ കണ്ട് കളി കാണുന്നവരും സഹതാരങ്ങളും കമന്റേറ്റർമാരുമെല്ലാം അമ്പരന്നു. മത്സരത്തിൽ വിശ്രമം അനുവദിക്കപ്പെട്ട വിരാട് കോഹ്‍ലിയായിരുന്നു അത്. പ്രത്യേക രീതിയിലുള്ള ആക്ഷനുമായി താരത്തിന്റെ വരവ് ഏവരെയും ചിരിപ്പിച്ചു. ബംഗ്ലാദേശ് ബാറ്റർ അനാമുൽ ഹഖ് പുറത്തായതിന് പിന്നാലെയായിരുന്നു കോഹ്‍ലി എത്തിയത്. പിന്നാലെ മുഹമ്മദ് സിറാജും ഓടിയെത്തി. സംഭവം സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കുകയാണ് ആരാധകർ.

ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 44 ഓവർ പിന്നിടുമ്പോൾ ഏഴ് വിക്കറ്റിന് 217 റൺസെന്ന നിലയിലാണ്. തുടക്കത്തിലേ നാല് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ ക്യാപ്റ്റൻ ഷാകിബ് അൽ ഹസന്റെയും തൗഹിദ് ഹസന്റെയും അർധസെഞ്ച്വറികളാണ് വൻ തകർച്ചയിൽനിന്ന് രക്ഷിച്ചത്. ഷാകിബ് 85 പന്തിൽ 80 റൺസും തൗഹീദ് ഹൃദോയി 81 പന്തിൽ 54ഉം റൺസെടുത്തു. 59 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനായി അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 115 പന്തിൽ 101 റൺസ് കൂട്ടിച്ചേർത്തു. ഷാകിബിനെ ഷാർദുൽ ഠാക്കൂർ ക്ലീൻ ബൗൾഡാക്കിയപ്പോൾ തൗഹീദിനെ മുഹമ്മദ് ഷമിയുടെ പന്തിൽ തിലക് വർമ പിടികൂടുകയായിരുന്നു.

സ്കോർ ബോർഡിൽ 13 റൺ​സ് ചേർത്തപ്പോഴേക്കും ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട് പന്ത് നേരിട്ട് റൺസൊന്നുമെടുക്കാനാവാതിരുന്ന ലിട്ടൻ ദാസിനെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 13 റൺസെടുത്ത സഹ ഓപണർ തൻസിദ് ഹസന്റെ സ്റ്റമ്പ് ഷാർദുൽ ഠാക്കൂറും തെറിപ്പിച്ചു. വൈകാതെ നാല് റൺസെടുത്ത അനാമുൽ ഹഖിനെ ഷാർദുൽ രാഹുലിന്റെ കൈയിലും 13 റൺസെടുത്ത മെഹ്ദി ഹസനെ അക്സർ പട്ടേൽ രോഹിതിന്റെ കൈയിലുമെത്തിച്ചതോടെ ബംഗ്ലാദേശ് നാലിന് 59 എന്ന നില​യിലേക്ക് കൂപ്പുകുത്തി. തുടർന്നായിരുന്നു ഷാകിബ്-തൗഹീദ് സഖ്യത്തിന്റെ രക്ഷാപ്രവർത്തനം. ഇന്ത്യക്കായി ഷാർദുൽ ഠാക്കൂർ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പ​ട്ടേലും രവീന്ദ്ര ജദേജയും ഓരോ വിക്കറ്റ് നേടി.

ശ്രീലങ്കക്കെതിരായ മത്സരത്തിൽ കളിച്ച ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകിയപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവർ ഇടം നേടി. 

Tags:    
News Summary - 'Who is this the new water boy?' Fans laughed at Kohli's running with a water bottle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.