ഉശിരൻ സെഞ്ച്വറിയടിച്ച് വാർണറുടെ ആഘോഷം; മിച്ചൽ ജോൺസനുള്ള ‘സമർപ്പണ’മെന്ന് സമൂഹ മാധ്യമങ്ങൾ

പെർത്ത്: തന്റെ അവസാന ടെസ്റ്റ് പരമ്പരയിൽ ഉശിരൻ സെഞ്ച്വറിയുമായി തുടങ്ങി ആസ്ട്രേലിയൻ ഓപണിങ് ബാറ്റർ ഡേവിഡ് വാർണർ. പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ 150 റൺസ് പിന്നിട്ട് പുറത്താവാതെ നിൽക്കുകയാണ് താരം. ടെസ്റ്റിൽ 26ാം സെഞ്ച്വറിയാണ് 37കാരൻ കുറിച്ചത്. ഇതോടെ വാർണറെ വിമർശിച്ച് രംഗത്തെത്തിയിരുന്ന മുൻ സഹതാരം മിച്ചൽ ജോൺസനെതിരെ ട്രോളുകളുമായി ഇറങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. വാർണറുടെ സെഞ്ച്വറി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് ഇത് മിച്ചൽ ജോൺസനുള്ള ‘സമർപ്പണ’മാണെന്നാണ് പരിഹാസം.

വാര്‍ണര്‍ക്ക് വിടവാങ്ങല്‍ ടെസ്റ്റിന് വേദിയൊരുക്കാനുള്ള ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മിച്ചല്‍ ജോണ്‍സന്‍ രംഗത്തെത്തിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് സിഡ്‌നിയില്‍ കളിച്ച് വിടവാങ്ങാനാണ് ആഗ്രഹമെന്ന് വാര്‍ണര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ജോണ്‍സന്‍ രംഗത്ത് വന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയയാളാണ് വാര്‍ണറെന്നും അത്തരമൊരാള്‍ക്ക് വീരപരിവേഷം നല്‍കുന്നതിനോട് യോജിക്കാനാവില്ലെന്നും പറഞ്ഞ ജോൺസൻ, വിരമിക്കല്‍ വേദിയെക്കുറിച്ച് അദ്ദേഹം സ്വയം തീരുമാനമെടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ചിരുന്നു.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് അന്നത്തെ നായകന്‍ സ്റ്റീവന്‍ സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ക്രിക്കറ്റ് ആസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡേവിഡ് വാര്‍ണര്‍ ടെസ്റ്റില്‍ മോശം ഫോമിലുമാണ്. 28 റൺസ് മാത്രമാണ് താരത്തിന്റെ ശരാശരി.

പാകിസ്താനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ മികച്ച നിലയിലാണ്. 73 ഓവർ പിന്നിടു​മ്പോൾ നാലിന് 310 റൺസെന്ന നിലയിലാണ് ആതിഥേയർ. 203 പന്ത് നേരിട്ട് മൂന്ന് സിക്സും 16 ഫോറുമടക്കം 154 റൺസുമായി വാർണർ ക്രീസിൽ തുടരുകയാണ്. സഹ ഓപണർ ഉസ്മാൻ ഖ്വാജ (41), മാർനസ് ലബൂഷെയ്ൻ (16), സ്റ്റീവൻ സ്മിത്ത് (31) ട്രാവിസ് ഹെഡ് (40) എന്നിവരാണ് പുറത്തായത്. ആറ് റൺസുമായി മിച്ചൽ മാർഷാണ് വാർണർക്കൊപ്പം ക്രീസിൽ.

Tags:    
News Summary - Warner with a brilliant century; Social media as a 'dedication' to Mitchell Johnson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.