കോഹ്ലി, രോഹിത്, ഷമി...; ആരാകും ലോകകപ്പിലെ താരം‍? പട്ടികയിൽ ഒമ്പതു പേർ

ഒരുമാസം, 47 മത്സരങ്ങൾ, ലോക ക്രിക്കറ്റിലെ പുതിയ രാജാക്കന്മാർ ആരെന്നറിയാം ഇനി ഒരു മത്സരത്തിന്‍റെ ദൂരം മാത്രം. ഞായറാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ മൂന്നാം ലോക കിരീടം ഉയർത്തുമോ‍? അതോ വിജയം ആസ്ട്രേലിയക്കൊപ്പം നിൽക്കുമോ‍?.

ക്രിക്കറ്റിന്‍റെ എല്ലാ സൗന്ദര്യവും നിറഞ്ഞുനിന്ന ഒരു ലോകകപ്പിന് കൂടിയാണ് തിരശ്ശീല വീഴുന്നത്. ബാറ്റർമാരും ബൗളർമാരും ഒരുപോലെ തിളങ്ങിയ ടൂർണമെന്‍റ്. ക്രിക്കറ്റിന്‍റെ റെക്കോഡ് ബുക്കിൽ ഇടംനേടിയ ഒരുപിടി പ്രകടനങ്ങൾ. വിജയികൾക്കൊപ്പം തന്നെ ഏവരും ഉറ്റുനോക്കുന്നതാണ് ഈ ലോകകപ്പിലെ താരത്തെയും. ലോകകപ്പിലെ താരങ്ങളെ കണ്ടെത്താനുള്ള അവസാന ചുരുക്കപ്പട്ടികയിൽ ഒമ്പതു പേരാണുള്ളത്.

ഇന്ത്യയുടെ സൂപ്പർ ബാറ്റർമാരായ വിരാട് കോഹ്ലി, രോഹിത് ശർമ, പേസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെല്ലാം പട്ടികയിലുണ്ട്. കൂടാതെ, ഓസീസ് സ്പിന്നർ ആദം സാമ്പ, ഓൾ റൗണ്ടർ ഗ്ലെൻ മാക്സ് വെൽ, ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റൺ ഡീകോക്ക്, ന്യൂസിലൻഡിന്‍റെ രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങൾ.

ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് കോഹ്ലി. 10 മത്സരങ്ങളിൽനിന്നായി താരത്തിന്‍റെ സമ്പാദ്യം 711 റൺസാണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകൾക്കെതിരെ സെഞ്ച്വറി. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ. 23 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് ഷമി. ആദ്യ നാലു മത്സരങ്ങളിൽ പുറത്തിരുന്ന താരം കളിച്ച ആറു മത്സരങ്ങളിൽനിന്നാണ് ഇത്രയും വിക്കറ്റുകൾ നേടിയത്.

മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം. സെമിയിൽ മാത്രം നേടിയത് ഏഴു വിക്കറ്റുകൾ. നായകനൊത്ത പ്രകടനം നടത്തുന്ന രോഹിത് 550 റൺസുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ ആദ്യ പത്തു ബാറ്റർമാരിലുണ്ട്. പവർ പ്ലേയിലെ താരത്തിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയിരുന്നത്. ഒരു സെഞ്ച്വറിയും മൂന്നു അർധ സെഞ്ച്വറിയും താരത്തിന്‍റെ പേരിലുണ്ട്. 18 വിക്കറ്റുകളാണ് ബുംറയുടെ പേരിലുള്ളത്.

അഫഗാനിസ്താനെതിരെ 39 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തതാണ് താരത്തിന്‍റെ ലോകകപ്പിലെ മികച്ച പ്രകടനം. ന്യൂബാളിൽ എതിർബാറ്റർമാർ റണ്ണെടുക്കാൻ ഏറെ പ്രയാസപ്പെടുന്നു.

സാമ്പ ഇതുവരെ 22 വിക്കറ്റുകളാണ് നേടിയത്. മൂന്നു സെഞ്ച്വറികൾ ഉൾപ്പെടെ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഡീകോക്കിന്‍റെ പേരിലുള്ളത് 594 റൺസ്. ന്യൂസിലൻഡിന്‍റെ യുവതാരം രചിൻ രവീന്ദ്ര ഏവരെയും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. 578 റൺസും അഞ്ചു വിക്കറ്റും. ഇംഗ്ലണ്ടിനെതിരെ നേടിയ 123 റൺസാണ് ടോപ് സ്കോർ.

മാക്സ് വെൽ അഫ്ഗാനിസ്താനെതിരെ ഇരട്ട സെഞ്ച്വറി കുറിച്ചതിനു പുറമെ, ഡച്ചുകാർക്കെതിരെ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും സ്വന്തമാക്കി. 393 റൺസും അഞ്ചു വിക്കറ്റുമാണ് താരത്തിന്‍റെ പേരിലുള്ളത്.

Tags:    
News Summary - Virat, Rohit, Bumrah and Shami among 9 contenders for Player of the Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.