ബംഗളൂരു: ഐ.പി.എല്ലില്‍ ഡൽഹി ക്യാപിറ്റൽസിന് തുടർച്ചയായ അഞ്ചാം തോൽവി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 23 റൺസിനാണ് പരാജയം ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ഡൽഹിക്ക് മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
കളിച്ച അഞ്ചു മത്സരങ്ങളും തോറ്റ ഡൽഹി പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഡൽഹി നിരയിൽ മനീഷ് പാണ്ഡെ 38 പന്തിൽ 50 റൺസെടുത്തു. മുൻനിര തകർന്നടിഞ്ഞതാണ് ഡൽഹിക്ക് തിരിച്ചടിയായത്. രണ്ടു റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. പൃഥ്വി ഷാ (പൂജ്യം), മിച്ചൽ മാർഷ് (പൂജ്യം), യാഷ് ദൂൽ (ഒന്ന്) എന്നിവർ വേഗത്തിൽ മടങ്ങി. നായകൻ ഡേവിഡ് വാർണർ (13 പന്തിൽ 19 റൺസ്), അഭിഷേക് പോറൽ (എട്ടു പന്തിൽ അഞ്ച്), അക്സർ പട്ടേൽ (14 പന്തിൽ 21), അമൻ ഹകിം ഖാൻ (10 പന്തിൽ 18), ലളിത് യാദവ് (ഏഴു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
23 റൺസുമായി ആൻറിച് നോർജെയും ഏഴു റൺസുമായി കുൽദീപ് യാദവും പുറത്താകാതെ നിന്നു. ബംഗളൂരുവിനായി വിജയകുമാർ വൈശാഖ് മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് രണ്ടും വെയ്ൻ പർനെൽ, വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ബംഗളൂരു ഭേദപ്പെട്ട സ്കോറിലെത്തിയത്. 34 പന്തിൽനിന്ന് 50 റൺസ് നേടിയ താരം ലളിത് യാദവിന്റെ പന്തില്‍ യഷ് ദുളിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഒരു സിക്‌സും ആറ് ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്.
സീസണില്‍ നാലു മത്സരങ്ങളിൽ കോഹ്ലിയുടെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. നായകൻ ഫാഫ് ഡു പ്ലെസിസ് (16 പന്തിൽ 22), മഹിപാൽ ലോംറോർ (18 പന്തിൽ 26), ഗ്ലെൻ മാക്സ് വെൽ (14 പന്തിൽ 24), ഹർഷൽ പട്ടേൽ (നാല് പന്തിൽ ആറ്), ദിനേഷ് കാർത്തിക് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 20 റൺസുമായി ശഹബാസ് അഹ്മദും 15 റൺസുമായി അനൂജ് റാവത്തും പുറത്താകാതെ നിന്നു. ഡൽഹിക്കായി മിച്ചൽ മാർഷ്, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും അക്സർ പട്ടേൽ, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.