മുംബൈ: ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമക്ക് പിന്നാലെ സൂപ്പർ താരം വിരാട് കോഹ്‌ലിയും ടെസ്റ്റിൽനിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് ലോങ് ഫോർമാറ്റിൽനിന്ന് പടിയിറങ്ങാൻ ആലോചിക്കുന്നതായി താരം ബി.സി.സി.ഐയെ അറിയിച്ചെന്ന് ദ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബി.സി.സി.ഐ താരത്തോട് അഭ്യർഥിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ കോഹ്‌ലി അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര അടുത്ത മാസം തുടങ്ങാനിരിക്കുകയാണ്. നേരത്തെ രോഹിത്തിനെ തന്നെ നായകനാക്കി ബി.സി.സി.ഐ ടീം പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് താരം വിരമിക്കൽ പ്രഖ്യാപിച്ചതോടെ പകരം ക്യാപ്റ്റനെയും സ്ക്വാഡിലേക്ക് പുതിയ ആളെയും കണ്ടെത്താനുള്ള നീക്കം സെലക്ടർമാർ ആരംഭിച്ചു. അതിനിടെയാണ് മുൻ ക്യാപ്റ്റൻ കൂടിയായ കോഹ്‌ലിയും വിരമിക്കലിനു തയാറാണെന്ന് ബോർഡിനെ അറിയിച്ചിരിക്കുന്നത്.
ഈ വർഷമാദ്യം ആസ്ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലാണ് കോഹ്‌ലിയും രോഹിത്തും ഇന്ത്യക്കായി ഒടുവിൽ വെള്ളക്കുപ്പായമാണിഞ്ഞത്. ടൂർണമെന്‍റിൽ ഇരുവരും പാടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ച്വറി മാത്രമാണ് കോഹ്‌ലിക്ക് ആശ്വസിക്കാനുള്ളത്. ഇതോടെ സീനിയർ താരങ്ങൾക്കു നേരെ വൻ വിമർശനമുയർന്നു. ഇരുവരും ടീമിന് ബാധ്യതയാണെന്നും പുതിയ താരങ്ങളുടെ അവസരം മുടക്കുന്നുവെന്നും വിമർശിച്ച് മുൻ താരങ്ങളടക്കം രംഗത്തുവന്നു.
36കാരനായ കോഹ്‌ലി ഇന്ത്യക്കായി 123 ടെസ്റ്റുകളിലാണ് പാഡണിഞ്ഞത്. 46.85 ശരാശരിയിൽ 9230 റൺസാണ് സമ്പാദ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോഹ്‌ലിയുടെ ശരാശരിയിൽ വൻ ഇടിവാണ്. 37 മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറി ഉൾപ്പെടെ 1990 റൺസാണ് നേടിയത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ താരത്തിന്‍റെ ശരാശരി 23.75 ആണ്. ഏഴുതവണ ഓഫ് സ്റ്റമ്പിന് പുറത്തെ പന്തിൽ ബാറ്റുവെച്ച് പുറത്തായി. ഐ.പി.എല്ലിന് മുന്നോടിയായി, ഈ മോശം പ്രകടത്തിൽ താരം നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.