ഋഷഭ് പന്തിനെ മറികടന്ന് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി കളിക്കുന്നത് കെ.എൽ രാഹുലാണ്. 2023 ഏകദിന ലോകകപ്പിൽ ബാറ്റ് കൊണ്ടും കീപ്പിങ്ങിലും കാണിച്ച മികവാണ് രാഹുലിനെ വീണ്ടും പരിഗണിക്കാൻ കാരണമായത്. ഇതിന് ശേഷവും ഇന്ത്യൻ മധ്യനിരയിലെ പ്രധാന ബാറ്ററായി തന്നെ രാഹുൽ നിലനിന്നു. എന്നാൽ കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിലെ പ്രകടനം അദ്ദേഹത്തെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നു. കീപ്പിങ്ങിലെ മോശം പ്രകടനത്തിൽ നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയുമടക്കം നിരാശരായിരുന്നു.
249 എന്ന താരതമ്യനേ ചെറിയ സ്കോർ പ്രതിരോധിക്കാൻ ഇറങ്ങിയ ഇന്ത്യ സ്പിന്നർമാരെ ഉപയോഗിച്ച് ന്യൂസിലാൻഡിനെ കെണിയിലാക്കിയിരുന്നു. മിഡിൽ ഓവറുകളിൽ ന്യൂസിലാൻഡിനെ ഇന്ത്യ വലിഞ്ഞുമുറുക്കി. ഇന്ത്യക്ക് നേരിയ വെല്ലുവിളി ഉയർത്തിയത് കെയ്ൻ വില്യംസണാണ്. 81 റൺസ് നേടി താരം ന്യൂസിലാൻഡിന് പ്രതീക്ഷകൾ നൽകി. രാഹുലിന്‍റെ കീപ്പിങ്ങിലെ പാളിച്ചകളാണ് വില്യംസണ് പൊരുതാനുള്ള അവസരം നൽകിയത്.
11ാം ഓവറിലെ അവസാന പന്തിൽ വില്യംസൺ വെറും 18 റൺസുമായി നിൽക്കുമ്പോൾ രാഹുൽ അദ്ദേഹത്തിനെ ക്യാച്ച് വിട്ടുകളഞ്ഞു. അക്സർ പട്ടേലിന്‍റെ പന്തിൽ തേർഡ് മാനിലേക്ക് കട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ വില്യംസൺ എഡ്ജ് ആകുന്നു. എന്നാൽ രാഹുലിനെ ഗ്ലൗസ് അത് വിട്ടുകളഞ്ഞു. പിന്നീട് 35ാം ഓവറിൽ രവീന്ദ്ര ജഡേജയുടെ പന്തിൽ വില്യംസൺ ഇൻസൈഡ് ഔട്ട് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ എഡ്ജ് ചെയതിരുന്നു. ഇത്തിരി പാടായിരുന്നുവെങ്കിലും രാഹുൽ അതും വിട്ടുകളഞ്ഞു.
രാഹുലിന്‍റെ കീപ്പിങ്ങിലെ ഈ മോശം പ്രകടനം ക്യാപ്റ്റൻ വിരാട് കോഹ്ലിയും രോഹിത് ശർമയിലും നിരാശയുണ്ടാക്കിയിട്ടുണ്ട്. രാഹുലിനെ വിരാട് ഉപദേശിക്കുന്ന വീഡിയ മത്സരത്തിന് ശേഷം വൈറലായിരുന്നു. താരത്തിന്‍റെ മോശം ബാറ്റിങ്ങിനൊപ്പം കീപ്പങ്ങിലും മോശമായതോടെ ആരാധകരും വിമർശനുവമായി എത്തിയിട്ടുണ്ട്.
ആസ്ട്രേലിയക്കെതിരെയുള്ള സെമിഫൈനലിൽ താരം ഇങ്ങനെ ചെയ്താൽ എങ്ങനെ ഉണ്ടാകും എന്നാണ് ആരാധകർ ചോദിക്കുന്നത്. ഋഷഭ് പന്തിനെ പോലെ ഒരു ലോകോത്തര നിലവാരമുള്ള കീപ്പറുള്ളപ്പോൾ എന്തിനാണ് ഗംഭീർ രാഹുലിന് അവസരം നൽകുന്നത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ആസ്ട്രേലിയക്കെിരെ പന്ത് കളിക്കണം എന്നാണ് ആരാധകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.