ബംഗളൂരു: ഒരു പതിറ്റാണ്ട് കാലം ദേശീയ ടീമിന്റെയും ആർ.സി.ബിയുടെയും നായക പദവി ഒന്നിച്ച് കൈകാര്യം ചെയ്യേണ്ടിവരുകയും ഒപ്പം തന്റെ ബാറ്റിങ്ങിനെ കുറിച്ച് സൂക്ഷ്മപരിശോധനകളും ചേർന്നപ്പോൾ എല്ലാം മതിയായെന്ന് വിരാട് കോഹ്‍ലി. അതോടെ, അൽപം സന്തോഷം ലഭിക്കാൻ നായക പദവി ഒഴിയാൻ തീരുമാനമെടുത്തെന്നും താരം പറഞ്ഞു. 2021 ലോകകപ്പിനു പിറകെയാണ് ട്വന്റി20 ദേശീയ ടീം നായക പദവി താരം ഒഴിയുന്നത്. പിറകെ ആർ.സി.പി ക്യാപ്റ്റൻസിയും വേണ്ടെന്ന് വെച്ചു.
ഒരു വർഷം കഴിഞ്ഞ് ദക്ഷിണാഫ്രിക്കക്കെതിരായ പരാജയത്തിനു ശേഷം ടെസ്റ്റ് ടീമിന്റെയും നായകനല്ലാതായി. ‘‘ഒരു ഘട്ടത്തിൽ കാര്യങ്ങൾ കടുത്തതായി മാറി. കരിയറിൽ ഒത്തിരി കാര്യങ്ങൾ നടക്കുന്നുവെന്നതായിരുന്നു വിഷയം. ഏഴ്-എട്ട് വർഷമായി ടീം ഇന്ത്യയുടെ നായകനാണ്. ഒമ്പതു വർഷം ആർ.സി.ബിയുടെയും. ഓരോ കളിയിലും എന്റെ ബാറ്റിങ് മികവും ആളുകൾ കാത്തിരുന്നു. നായകത്വം ഒഴിഞ്ഞാൽ ബാറ്റു ചെയ്യാമെന്നായി. മുഴുസമയവും എന്റെ പിന്നാലെയായി കാര്യങ്ങൾ. അതെനിക്ക് താങ്ങാനായില്ല’’. അങ്ങനെ 2022ൽ ഒരു മാസം ക്രിക്കറ്റിൽനിന്ന് അവധിയെടുത്ത കോഹ്‍ലി ഒരിക്കൽ പോലും ബാറ്റ് തൊട്ടില്ല. ‘‘എന്നെ വിധിയെഴുതുന്നത് ഒഴിവായി ബാറ്റു ചെയ്യാനാകുന്ന ഒരു ഘട്ടം ജീവിതത്തിൽ ഞാൻ കാത്തിരുന്നതാണ്’’-കോഹ്‍ലി പറഞ്ഞു.
അണ്ടർ-19 ലോകകപ്പ് കിരീടം നേടിക്കൊടുത്തുവെന്നത് സീനിയർ ടീമിൽ അനിശ്ചിതകാല ഇടം ഉറപ്പിക്കുന്നില്ലെന്നും തന്റെ നിരന്തര ശ്രമവും അന്നത്തെ ക്യാപ്റ്റൻ ധോണി, കോച്ച് ഗാരി കേഴ്സ്റ്റൺ എന്നിവരുടെ പിന്തുണയുമാണ് ടീമിൽ മൂന്നാം നമ്പർ സ്ഥാനം ഉറപ്പിച്ചതെന്നും കോഹ്‍ലി കൂട്ടിച്ചേർത്തു.
‘‘എന്റെ കഴിവുകളെക്കുറിച്ച് യാഥാർഥ്യബോധമുള്ളവനായിരുന്നു. കാരണം, മറ്റു പലരുടെയും കളി കണ്ടതാണ്. അവരുടെയത്രയൊന്നുമില്ലെന്ന് എനിക്ക് തോന്നുകയും ചെയ്തു. അപ്പോൾ പിന്നെ ഇച്ഛാശക്തി മാത്രമായിരുന്നു കൂട്ട്. ടീമിനെ ജയിപ്പിക്കാൻ എന്തും ചെയ്യാൻ തയാറായിരുന്നു. അങ്ങനെയാണ് ഇന്ത്യക്കായി തുടക്കത്തിൽ കളിക്കാൻ അവസരം ലഭിച്ചത്. മൂന്നാം നമ്പറിൽ കളിക്കാൻ പിന്തുണ നൽകുമെന്ന് ഗാരിയും എം.എസും നിലപാട് എടുക്കുകയും ചെയ്തു’’-കോഹ്‍ലിയുടെ വാക്കുകൾ.
ബാറ്റിങ്ങിനെ കുറിച്ച് വിമർശനങ്ങൾ പിന്നെയും തുടർന്നെങ്കിലും നിലവിലെ ഐ.പി.എൽ സീസണിലും മികച്ച ഫോമിലുള്ള കോഹ്ലി റൺവേട്ടക്കാരിൽ മൂന്നാമനാണ്. 11 കളികളിൽ 505 റൺസാണ് താരത്തിന്റെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.