വിജയ് ഹസാരെ ട്രോഫി കർണാടകക്ക്; വിദർഭയെ വീഴ്ത്തിയത് 36 റൺസിന്

വഡോദര: വിജയ് ഹസാരെ ട്രോഫി കർണാടകക്ക്. മലയാളി താരം കരുൺ നായർ നയിച്ച വിദർഭയെ ഫൈനലിൽ 36 റൺസിന് വീഴ്ത്തിയാണ് കർണാടക അഞ്ചാം കിരീടം സ്വന്തമാക്കിയത്. കിരീടനേട്ടത്തിൽ ഇതോടെ തമിഴ്നാടിനൊപ്പമെത്തി. ആദ്യം ബാറ്റു ചെയ്ത കർണാടക ഉയർത്തിയ 349 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിദർഭ 48.2 ഓവറിൽ 312 റൺസിന് പുറത്തായി.

779 റൺസ് നേടിയ കരുൺ നായരാണ് ടൂർണമെന്റിലെ താരം. ഫൈനലിൽ ടോസ് നേടിയ വിദർഭ കർണാടകയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ കർണാടക 348 റൺസെടുത്തു. മധ്യനിര താരം രവിചന്ദ്രൻ സ്മരണിന്‍റെ സെഞ്ച്വറി പ്രകടനമാണ് കർണാടകയുടെ സ്കോർ 300 കടത്തിയത്. 92 പന്തിൽ മൂന്നു സിക്സും ഏഴു ഫോറുമടക്കം 101 റൺസെടുത്താണ് താരം പുറത്തായത്.

കൃഷ്ണൻ ശ്രീജിത് (74 പന്തിൽ 78), അഭിനവ് മനോഹർ (42 പന്തിൽ 79) എന്നിവർ അർധ സെഞ്ച്വറികൾ നേടി. മറുപടി ബാറ്റിങ്ങിൽ വിദർഭക്കായി ഓപ്പണർ ധ്രുവ് ഷോറെ സെഞ്ച്വറി നേടിയെങ്കിലും മറ്റു താരങ്ങൾ നിരാശപ്പെടുത്തി. 111 പന്തില്‍ 110 റണ്‍സെടുത്താണ് ഷോറെ പുറത്തായത്. വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടർ, സെമി, ഫൈനൽ മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്ററാണ് ഷോറെ.

ഹർഷ് ദുബെ 30 പന്തിൽ 63 റൺസെടുത്തു. ടൂർണമെന്റിലുടനീളം തകർത്തുകളിച്ച കരുൺ നേരത്തേ പുറത്തായതും വിദർഭക്ക് തിരിച്ചടിയായി. 31 പന്തുകളിൽ 27 റൺസ് മാത്രമാണ് കരുൺ സ്വന്തമാക്കിയത്. കർണാടകക്കായി വാസുകി കൗശിക്, പ്രസിദ്ധ് ക‍ൃഷ്ണ, അഭിലാഷ് ഷെട്ടി എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

Tags:    
News Summary - Vijay Hazare Trophy: Karnataka seals 36-run win against Vidarbha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.