വൈഭവ് സൂര്യവംശി

വീണ്ടും ചരിത്രമെഴുതാൻ വൈഭവ്; 14കാരൻ രഞ്ജി ടീമിന്‍റെ ഉപനായകനാകും

പട്ന: രാജസ്ഥാൻ റോയൽസിനു വേണ്ടി ഐ.പി.എല്ലിൽ അരങ്ങേറി തരംഗം സൃഷ്ടിച്ച കൗമാര താരമാണ് ബിഹാറുകാരനായ വൈഭവ് സൂര്യവംശി. 13-ാം വയസ്സിൽ ഐ.പി.എൽ സെഞ്ച്വറി നേടി ക്രിക്കറ്റ് ആരാധകരുടെ മനം കവർന്ന വൈഭവ്, ഇതിനോടകം ലോങ് ഫോർമാറ്റും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചുകഴിഞ്ഞു. ഇതിനിടെ ബിഹാർ രഞ്ജി ട്രോഫി ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് താരത്തെ പരിഗണിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപനായകനാകും 14കാരനായ വൈഭവ്.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ ഞായറാഴ്ച രാത്രിയാണ് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്. ശാകുബുൽ ഗനി നയിക്കുന്ന ടീമിൽ ഉപനായകനായി വൈഭവിനെ ഉൾപ്പെടുത്തി. ബുധനാഴ്ച മുതൽ അരുണാചൽ പ്രദേശിനെതിരെയാണ് ബിഹാറിന്‍റെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ ഒറ്റ മത്സരത്തിൽ പോലും ബിഹാറിന് ജയിക്കാനായിരുന്നില്ല. ഇതോടെ ഇത്തവണ പ്ലേറ്റ് ലീഗിൽ കളിച്ചുവേണം ടീമിന് മുന്നേറാൻ. എന്നാൽ സിംബാബ്വേയിലും നമീബിയയിലുമായി അടുത്ത വർഷം തുടക്കത്തിൽ നടക്കുന്ന അണ്ടർ-19 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടതിനാൽ, വൈഭവിനെ സീസണിൽ പൂർണമായും ബിഹാറിന് കിട്ടില്ല.

അതേസമയം, 12-ാം വയസ്സിൽ 2023-24 സീസണിലാണ് വൈഭവ് രഞ്ജി ട്രോഫി ക്രിക്കറ്റിൽ അരങ്ങേറിയത്. ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം ചരിത്രം കുറിച്ചത്. ടി20 ക്രിക്കറ്റിൽ സെഞ്ച്വറിയടിക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. ഐ.പി.എൽ ടൂർണമെന്‍റ് ചരിത്രത്തിൽ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയാണിത്. ഐ.പി.എല്ലിൽ കളിച്ചതിനു പിന്നാലെ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ അണ്ടർ 19 ടീമിലും താരം അംഗമായിരുന്നു. 

Tags:    
News Summary - Vaibhav Suryavanshi Makes Ranji Trophy History With Stunning Vice-Captaincy Promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.