മത്സരശേഷം മഹേന്ദ്ര സിങ് ധോണിയുടെ കാൽതൊട്ടു വന്ദിക്കുന്ന വൈഭവ് സൂര്യവംശി
ആ പതിനാലുകാരന്റെ ആരാധനാപാത്രമാണ് 42 വയസ്സുള്ള വിഖ്യാതതാരം. അദ്ദേഹം ആദ്യം ഐ.പി.എല്ലിൽ കളിക്കുമ്പോൾ പയ്യൻ ജനിച്ചിട്ടുപോലുമില്ല. ഒടുവിൽ കാലം കറങ്ങിത്തെളിഞ്ഞപ്പോൾ ഇരുവരും ഒരുമിച്ചൊരു ഐ.പി.എൽ ടൂർണമെന്റ് കളിക്കുന്നു. അവരുടെ ടീമുകൾ നേരങ്കം കുറിക്കുന്നു. ഇതിഹാസ താരത്തിന്റെ നായകത്വത്തിനുമേൽ ആ ഇളമുറക്കാരന്റെ അത്യുഗ്രൻ ഇന്നിങ്സിനായിരുന്നു അന്തിമജയം. പതിനെട്ടാം ഐ.പി.എല്ലിലെ കുഞ്ഞുതാരവും പോരാട്ടങ്ങളേറെക്കണ്ട പരിചയ സമ്പന്നനും തമ്മിലുള്ള സമാഗമമായിരുന്നു രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തെ സവിശേഷമാക്കിയത്. വൈഭവ് സൂര്യവംശിയെന്ന ക്രിക്കറ്റ് സെൻസേഷനും മഹേന്ദ്ര സിങ് ധോണിയെന്ന സൂപ്പർതാരവും തമ്മിലുള്ള ആ സമ്മോഹന കൂടിക്കാഴ്ചക്ക് മധുരമേറെയായിരുന്നു.
മത്സരശേഷം മൈതാനത്ത് വെച്ചായിരുന്നു രസകരമായ മൂഹൂർത്തം. കളിക്കാർ തമ്മിൽ കൈകൊടുത്ത് സൗഹൃദം പങ്കിടുന്നതിനിടയിൽ വൈഭവ് പതിയെ നടന്ന് ധോണിക്കരികിലെത്തി. എന്നിട്ട് കുനിഞ്ഞ് അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിച്ചു. പുഞ്ചിരിച്ചുകൊണ്ട്, സ്നേഹത്തോടെ ധോണി കുഞ്ഞുതാരത്തിന്റെ പുറത്തുതലോടി. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് മിനിറ്റുകൾക്കകം.
ഈ സീസണിലെ ശ്രദ്ധാകേന്ദ്രമായി താൻ മാറിയത് എന്തുകൊണ്ടെന്ന് ഒരിക്കൽകൂടി തെളിയിക്കുകയായിരുന്നു വൈഭവ്. തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആറു വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സിനെ കീഴടക്കിയപ്പോൾ വൈഭാവായിരുന്നു ടീമിന്റെ ടോപ്സ്കോറർ. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പതിയെ തുടങ്ങി പക്വതയോടെ കത്തിപ്പടർന്ന ഇന്നിങ്സ്. മറുതലക്കൽ സഞ്ജുവിന്റെ ഉപദേശ നിർദേശങ്ങളിൽ വൈഭവ് ജാഗ്രതയും ആക്രമണവും സന്നിവേശിപ്പിച്ചപ്പോൾ 33 പന്തിൽ 57 റൺസ് പിറന്ന തകർപ്പൻ ഇന്നിങ്സായിരുന്നു ഫലം. ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റിന് 187 റൺസെടുത്തപ്പോൾ 17.1 ഓവറിൽ നാലു വിക്കറ്റിന് റോയൽസ് ലക്ഷ്യംകണ്ടു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ സ്വപ്നതുല്യ അരങ്ങേറ്റമായിരുന്നു ഈ കൗമാരക്കാരന്. 1.10 കോടി രൂപക്ക് കൊച്ചുപയ്യനെ രാജസ്ഥാൻ ടീമിലെടുത്തത് എന്തിനെന്ന് സംശയിച്ചവർക്കെല്ലാം ബാറ്റുകൊണ്ട് ഒന്നാന്തരം മറുപടി. ഏഴു മത്സരങ്ങളിൽ 36 റൺസ് ശരാശരിയിൽ 252 റൺസ്. അതും 206.56 എന്ന സ്ട്രൈക് റേറ്റിൽ! ഐ.പി.എല്ലിന്റെ വരുംകാലങ്ങളിലേക്ക് വമ്പൻ താരമായി വൈഭവ് മാറുമെന്നതിന്റെ എല്ലാ സൂചനകളും ഈ സീസൺ ഇതിനകം സമ്മാനിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.