ടി-20 യിലെ 175 റൺസെന്ന ഗെയിലിന്‍റെ റെക്കോഡ് ഇനി പഴങ്കഥ: പുത്തൻ ചരിത്രമെഴുതി ഇരുപതുകാരൻ; പുറത്താകാതെ 188 ന്‍റെ റൺമല

ബ്ലോംഫോണ്ടെയ്ൻ: ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രപുസ്തകങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കൻ യുവതാരം ലുആൻ ഡ്രെ പ്രിട്ടോറിയസിന് ലോകറെക്കോർഡ്. സിഎസ്എ ട്വന്റി20 ചലഞ്ചിൽ നൈറ്റ്സിനെതിരായ മത്സരത്തിൽ ടൈറ്റൻസിനായി പുറത്താകാതെ 188 റൺസ് അടിച്ചുകൂട്ടിയാണ് ഇരുപതുകാരനായ ഇടങ്കയ്യൻ ബാറ്റർ ടി20യിലെ എക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോഡ് സ്വന്തമാക്കിയത്.

79 പന്തുകളിൽ നിന്ന് 15 ഫോറുകളും 13 സിക്സറുകളും അടങ്ങുന്നതായിരുന്നു പ്രിട്ടോറിയസിന്റെ ചരിത്ര ഇന്നിങ്സ് (സ്ട്രൈക്ക് റേറ്റ്: 237.97). 2013-ലെ ഐപിഎല്ലിൽ പുണെ വാരിയേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ക്രിസ് ഗെയ്ൽ കുറിച്ച പുറത്താകാതെയുള്ള 175 റൺസിന്റെ റെക്കോഡാണ് 13 വർഷങ്ങൾക്കു ശേഷം പ്രിട്ടോറിയസ് തകർത്തത്.

24 പന്തിൽ അർധസെഞ്ചറിയും 40 പന്തിൽ സെഞ്ചറിയും തികച്ച താരം 58 പന്തിലാണ് 150 റൺസ് പിന്നിട്ടത്. പുരുഷ ടി20 ക്രിക്കറ്റിലെ കന്നി ഇരട്ടസെഞ്ചറിയെന്ന അപൂർവ നേട്ടത്തിന് വെറും 12 റൺസ് മാത്രമകലെയാണ് പ്രിട്ടോറിയസിന് ഓവറുകൾ തീർന്നത്. ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട താരങ്ങളെന്ന ആരോൺ ഫിഞ്ചിന്റെയും മാർക്കസ് സ്റ്റോയിനിസിന്റെയും റെക്കോർഡിനൊപ്പവും (79 പന്തുകൾ) പ്രിട്ടോറിയസെത്തി.

യുവതാരത്തിന്റെ റെക്കോർഡ് വെടിക്കെട്ടിന്റെ കരുത്തിൽ ടൈറ്റൻസ് 20 ഓവറിൽ 267/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. സിഎസ്എ ടി20 ചലഞ്ചിലെ എക്കാലത്തെയും രണ്ടാമത്തെ ഉയർന്ന ടീം സ്കോറാണിത്. 2022-ൽ നൈറ്റ്സിനെതിരെ തന്നെ ടൈറ്റൻസ് നേടിയ 271/3 ആണ് ടൂർണമെന്റിലെ ഉയർന്ന സ്കോർ. ഡെവാൾഡ് ബ്രെവിസിന്റെ 162 റൺസെന്ന ടൂർണമെന്റിലെ വ്യക്തിഗത റെക്കോർഡും പ്രിട്ടോറിയസ് പഴങ്കഥയാക്കി.

2026-27 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ നിർണായക പ്രകടനവുമായി കളംനിറഞ്ഞ പ്രിട്ടോറിയസ് തന്റെ ഗംഭീര ഫോം തുടരുകയാണ്. സെപ്റ്റംബറിൽ സിംബാബ്‌‌വെ, നമീബിയ ടീമുകൾക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കായി താരം 94, 101 എന്നിങ്ങനെ റൺസ് അടിച്ചുകൂട്ടിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഇതുവരെ 22 മത്സരങ്ങൾ മാത്രം കളിച്ച പ്രിട്ടോറിയസിന് 91 ടി20 മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട്. 150.44 ആണ് പ്രിട്ടോറിയസിന്റെ കരിയർ സ്ട്രൈക്ക് റേറ്റ്.

Tags:    
News Summary - Lhuan-dre Pretorius Shatters Chris Gayle's T20 Record With Unbeaten 188

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.